വിഷു വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്കെത്തിയ ദേവശില്പ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍

വിഷുക്കാല വിപണി ലക്ഷ്യമിട്ട് കേരളത്തിലേക്കെത്തിയ ദേവശില്പ നിര്‍മാതാക്കള്‍ പ്രതിസന്ധിയില്‍. ലോക്ക്ഡൗണില്‍ ആളുകള്‍ പുറത്തിറങ്ങാതായതോടെ ആയിരക്കണക്കിന് ശില്‍പങ്ങളാണ് കെട്ടിക്കിടക്കുന്നത്. രാജസ്ഥാന്‍ സ്വദേശികളായ നിരവധി പേര്‍ വര്‍ഷങ്ങളായി കേരളത്തില്‍ ശില്പങ്ങള്‍ വില്‍ക്കുന്നുണ്ടെങ്കിലും ഇങ്ങനൊരു പ്രതിസന്ധി ഇതാദ്യമായാണ്.

കടന്നുപോയ വിഷുക്കാലങ്ങളെല്ലാം നമ്മളെപ്പോലെ ഇവര്‍ക്കും പുതുവര്‍ഷപ്പിറവി തന്നെയായിരുന്നു. പോയകാലങ്ങളിലൊന്നും ഇവര്‍ക്ക് വെറും കൈയോടെ നാടുകളിലേക്ക് മടങ്ങേണ്ടിയും വന്നിട്ടില്ല. എന്നാല്‍ ഇക്കൊല്ലം എല്ലാം മാറിമറിഞ്ഞു. പ്രതി വര്‍ഷം ആയിരക്കണക്കിന് ദേവ ശില്‍പങ്ങളാണ് വിറ്റുപോയിരുന്നത്. ഇത്തവണ കൊവിഡും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും കൂടി എല്ലാ പ്രതീക്ഷകളും തകര്‍ത്തു. ഒരാള്‍പോലും ശില്‍പങ്ങള്‍ വാങ്ങാനെത്തെതായി. നൂറ്കണക്കിന് ശില്‍പങ്ങളാണ് ഇവരുടെ വാടകവീടുകളില്‍ കെട്ടിക്കിടക്കുന്നത്.

ഭക്ഷണവും അവശ്യ സാധനങ്ങളും തദ്ദേശ സ്ഥാപനങ്ങളാണ് എത്തിച്ചു നല്‍കുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങണമെങ്കില്‍ അതിനുള്ള പണം പോലും ഇവരുടെ പക്കലില്ല. അതിനായുള്ള നെട്ടോട്ടത്തിലാണ് ഈ ദേവശില്‍പികള്‍.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top