Advertisement

പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കണം; മുഖ്യമന്ത്രിക്ക് കേരള ഫിലിം ചേംബറിന്റെ കത്ത്

April 14, 2020
Google News 1 minute Read

ലോക്ക് ഡൗൺ തുടരുന്ന സാഹചര്യത്തിൽ സിനിമാ മേഖലയിൽ ഇളവ് വേണമെന്നാവശ്യപ്പെട്ട് കേരള ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്തയച്ചു. സിനിമയുടെ പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്. എഡിറ്റിംഗ്, ഡബ്ബിംഗ് എന്നിവ തുടങ്ങാൻ അനുവദിക്കണമെന്നാണ് ആവശ്യം. സർക്കാരിന്റെ പ്രോട്ടോകോൾ അനുസരിച്ച് പ്രവർത്തിക്കാമെന്നും, പോസ്റ്റ്‌ പ്രൊഡക്ഷൻ വർക്കിൽ 5 പേരിൽ കൂടുതൽ പങ്കെടുക്കില്ലെന്നും ഫിലിം ചേംബർ സർക്കാരിനെ അറിയിച്ചു. നിലവിൽ ഷൂട്ടിംഗുകൾ നിർത്തിവച്ചതും തീയേറ്ററുകൾ അടച്ചതും സിനിമാ മേഖലയെ പ്രതിസന്ധിയിലാക്കിയെന്നും ഫിലിം ചേംബർ മുഖ്യമന്ത്രിയ്ക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.

കോവിഡ് 19 ജാഗ്രതയ്ക്കായി തീയേറ്ററുകൾ അടച്ച സാഹചര്യത്തിൽ വായ്പകൾക്ക് ഇളവ് ആവശ്യപ്പെട്ട് നേരത്തെ ഫിലിം ചേംബർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു. തീയേറ്ററുകൾ നവീകരിക്കാൻ എടുത്ത വായ്പക്ക് 6 മാസത്തേയ്ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം. വൈദ്യുതി ബിൽ അടക്കുന്നതിന് 3 മാസത്തെ സാവകാശം വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിനോദ നികുതി, കെട്ടിട നികുതി എന്നിവ അടക്കാൻ 3 മാസത്തെ സാവകാശം അനുവദിക്കണമെന്നും ഫിലിം ചേംബർ സർക്കാരിനോട് ആവശ്യപ്പെടുന്നുണ്ട്. തീയേറ്ററുകൾ അടച്ച പശ്ചാത്തലത്തിൽ സിനിമാ വ്യവസായം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നതിനാലാണ് മുഖ്യമന്ത്രിക്ക് ഇളവ് ആവശ്യപ്പെട്ട് നേരിട്ട് കത്തെഴുതുന്നതെന്ന് ഫിലിം ചേംബർ വ്യക്തമാക്കി.

അതേ സമയം, രാജ്യത്ത് മെയ് മൂന്ന് വരെ ലോക്ക് ഡൗൺ നീട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാവും. 20നു ശേഷം അവശ്യ സേവനങ്ങൾ അനുവദിക്കും. കൊവിഡ് ബാധിത പ്രദേശങ്ങൾക്ക് യാതൊരു ഇളവും അനുവദിക്കില്ല. പ്രദേശങ്ങൾ ഒറ്റപ്പെടുത്തി നിയന്ത്രിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights: film chamber letter to cm pinarayi vijayan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here