Advertisement

പൊലീസ് സേനയിലെ ഓരോരുത്തര്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് മന്ത്രി കെ കെ ശൈലജ

April 14, 2020
Google News 1 minute Read

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യ വകുപ്പിനോട് ഒപ്പം നിന്ന് പ്രവര്‍ത്തിക്കുന്ന പൊലീസ് സേനയ്ക്ക് ആദരവര്‍പ്പിക്കുന്നുവെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കഠിനമായ ചൂടില്‍ പോലും മറ്റുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനായി ആത്മാര്‍ത്ഥമായി സേവനം ചെയ്യുകയാണ് പൊലീസ്. വീട്ടില്‍ ഇരിക്കുന്നത് തന്നെയാണ് കൊറോണ വൈറസ് സമൂഹത്തിലേക്ക് പടരാതിരിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധം. വീട്ടിലിരിക്കുന്നവര്‍ ക്വാറന്റീന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നതിലൂടെ സ്വന്തം വീട്ടിലേക്ക് രോഗം പടര്‍ത്താതിരിക്കാനും അതിലൂടെ മറ്റുള്ളവരിലേക്ക് വ്യാപിക്കാതിരിക്കാനും സാധിക്കും. അതിനാല്‍ തന്നെയാണ് നമ്മുടെ രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ നമ്മള്‍ കാണിച്ച ജാഗ്രതയാണ് സമൂഹ വ്യാപനത്തിലേക്ക് പോകാതെ സഹായിച്ചതെന്നും മന്ത്രി പറഞ്ഞു.

പൊലീസുകാര്‍ നമ്മളെ വീട്ടിലിരിക്കാന്‍ പ്രേരിപ്പിക്കുന്നതിനെ ഒരിക്കലും ശത്രുതയോടെ കാണരുത്. സാധനങ്ങള്‍ വാങ്ങാനെന്ന പേരില്‍ കിലോമീറ്ററുകളോളം പോകേണ്ടതില്ല. തൊട്ടടുത്ത കടകളില്‍ പോയി തിരക്ക് കൂട്ടാതെ സാമൂഹിക അകലം പാലിച്ച് വാങ്ങുക. ആശുപത്രി പോലുള്ള അത്യാവശ്യ യാത്രകള്‍ക്ക് തടസമില്ല. കുറച്ച് ത്യാഗം സഹിച്ചാല്‍ മാത്രമേ നമുക്ക് അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ. അനാവശ്യ യാത്ര നടത്തുന്നവരെ ബോധവത്കരണത്തിലൂടെയും നിയമത്തിലൂടെയും വീട്ടിലിരുത്തിയ പൊലീസ് സേനയുടെ പ്രവര്‍ത്തനം ഒരിക്കലും വിസ്മരിക്കാനാകില്ല.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കായും പൊലീസ് ഉദ്യോഗസ്ഥര്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ വന്‍ വിജയമാക്കിയതില്‍ പൊലീസ് സേനയുടെ പങ്ക് ചെറുതല്ല. ഹിറ്റായ പൊലീസുകാരുടെ കൈകഴുകല്‍ ഡാന്‍സും പാട്ടുമെല്ലാം പ്രചാരണത്തില്‍ വലിയ പങ്ക് വഹിച്ചു. ജയിലുകളിലും പുറത്തും പൊലീസുകാരുടെ നേതൃത്വത്തില്‍ മാസ്‌കും സാനിറ്ററൈസറും ഉണ്ടാക്കി നല്‍കിയത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വലിയ സഹായകമായി. സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി പൊലീസുകാര്‍ ഭക്ഷണമെത്തിച്ചു നല്‍കുന്നു. ഇതുകൂടാതെ വിവിധ സ്ഥലങ്ങളില്‍ കഴിയുന്ന ആരുമില്ലാത്തവര്‍ക്കും ഭക്ഷണമെത്തിച്ചു നല്‍കി വരുന്നു. ലേക്ക്ഡൗണ്‍ സമയത്ത് തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് കൊവിഡ് ആശുപത്രിയിലേക്ക് പോയ ഡോക്ടര്‍ സംഘത്തിന് ഭക്ഷണം ഉള്‍പ്പെടെ നല്‍കി യാത്ര സുഗമമാക്കിയതും പൊലീസാണ്.

രോഗികള്‍ക്ക് മരുന്നെത്തിക്കുന്നതിനും അവരെ ആശുപത്രികളിലെത്തിക്കുന്നതിനും പൊലീസും ഫയര്‍ഫോഴ്‌സും വലിയ സേവനമാണ് ചെയ്യുന്നത്. എമര്‍ജന്‍സി നമ്പരായ 112ല്‍ വിളിച്ചാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നതിനും പൊലീസിന്റെ സഹായമുണ്ട്. ബന്ധുക്കളാരെങ്കിലും അടുത്തുണ്ടെങ്കില്‍ തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ മരുന്നെത്തിച്ചാല്‍ ഹൈവേ പെട്രോള്‍ വാഹനം വഴി എത്ര ദൂരെയുള്ള ആളിനും ദിവസേന മരുന്നെത്തിക്കുന്നു. സഹായിക്കാനാരുമില്ലാത്തവര്‍ക്കും പൊലീസ് സഹായം ഉറപ്പാണ്. ആര്‍സിസിയില്‍ ചികിത്സയിലുള്ളവര്‍ക്കും മാരക രോഗമുള്ളവര്‍ക്കും നേരിട്ട് വന്നെത്താന്‍ കഴിയാത്തവര്‍ക്കും ഇതേറെ അനുഗ്രഹമാണ്.

ഇതിന് പുറമേ ആരോഗ്യ പ്രവര്‍ത്തകരെ പൊലീസ് ഉദ്യോഗസ്ഥര്‍ ആദരിക്കുകയും ചെയ്തു. ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിലെ പൊലീസുകാര്‍ വേങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരെ ആദരിച്ചത് ഏറെ ശ്രദ്ധ നേടി. വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്നവരെ കണ്ടെത്തി സഹായിക്കുന്നതിനും കറങ്ങി നടക്കുന്നവരെ കണ്ടെത്താനുമായുള്ള തൃശൂരിലെ ബുള്ളറ്റില്‍ സഞ്ചരിക്കുന്ന വനിതാ പൊലീസിന് പ്രത്യേക അഭിനന്ദനങ്ങള്‍. ഇങ്ങനെ കൊവിഡിനെ പ്രതിരോധിക്കാന്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെ അഹോരാത്രം കഷ്ടപ്പെടുന്ന പൊലീസ് സേനയിലെ ഓരോരുത്തര്‍ക്കും നന്ദി അറിയിക്കുന്നു.

Story Highlights: coronavirus, k k shailaja,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here