ആരോഗ്യ പ്രവർത്തകർക്ക് സംരക്ഷണം ഒരുക്കുന്നതിൽ മാതൃക കാട്ടി ഇന്ത്യൻ റെയിൽവേ

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി രോഗികളുമായി നേരിട്ടു ബന്ധപ്പെടുന്ന ആരോഗ്യ പ്രവർത്തകർക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പി.പി.ഇകൾ) നിർമ്മിച്ചു നൽകാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേയുടെ നിർമാണ യൂണിറ്റുകൾ, വർക്ക് ഷോപ്പുകൾ, ഫീൽഡ് യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ നിർമിക്കുന്നത്.

2020 ഏപ്രിലിൽ ഇത്തരത്തിൽ 30,000 ലധികം സുരക്ഷാ കവചങ്ങൾ നിർമിക്കാനാണ് റെയിൽവേ പദ്ധതിയിടുന്നത്. 2020 മെയ് മാസത്തോടെ ഇത് 1,00,000 ആക്കാനും റെയിൽവേ ലക്ഷ്യമിടുന്നു. ഗ്വാളിയോറിലെ ഡിആർഡിഒ ലാബിൽ പിപിഇകളുടെ പരിശോധന നടത്തുകയും ഇതിനകം അവയ്ക്ക് അംഗീകാരം ലഭിക്കുകയും ചെയ്തു.

ഇന്ത്യൻ റെയിൽവേയുടെ കീഴിലുള്ള ഡോക്ടർമാരും ആരോഗ്യ മേഖലയിലെ ജീവനക്കാരും മറ്റ് ആരോഗ്യ പ്രവർത്തകരും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്. രോഗികളുമായി നേരിട്ട് ഇടപഴകുന്ന ഇവർ അക്ഷരാർത്ഥത്തിൽ കോവിഡ് 19 രോഗത്തോട് നേരിട്ടാണ് പോരാടുന്നത്. ഇവർക്കു രോഗം ബാധിക്കാതിരിക്കാനുള്ള കരുതൽ എന്ന നിലയിൽ ആദ്യ പടിയായി ശരീരത്തിലേയ്ക്കു വൈറസ് വ്യാപിക്കാതിരിക്കാനായി പ്രത്യേക സുരക്ഷാ കവചങ്ങളാണ് നൽകേണ്ടത്. കൊറോണ ബാധയ്ക്കു പുറമേ മറ്റ് അസുഖങ്ങൾ കൂടി ഇവർക്ക് വരാതിരിക്കാനുള്ള മുൻകരുതൽ എടുക്കണം. താരതമ്യേന കൊവിഡ് 19 വ്യാപനം നിയന്ത്രിതമായ അവസ്ഥയിലാണ് എങ്കിലും രോഗവ്യാപനം കൂടിയാൽ ഇത്തരത്തിലുള്ള സുരക്ഷാ കവചങ്ങളുടെ ആവശ്യവും വലിയ തോതിൽ വർധിക്കും.

ഈ സാഹചര്യം മുൻകൂട്ടി കണ്ടാണ്, ശരീര സംരക്ഷണ കവചങ്ങളുടെ ലഭ്യതയും ആവശ്യവും തമ്മിലുള്ള വിടവു നികത്തുന്നതിനായി റെയിൽവേ വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ നിർമാണത്തിന് തയാറായത്. ഉത്തര റെയിൽവേയുടെ കീഴിൽ പഞ്ചാബിലെ ജഗാധരിയിലുള്ള നിർമാണ ശാലയിലാണ് വ്യക്തിഗത സുരക്ഷാ കവചത്തിന്റെ ആദ്യ മാതൃക നിർമിച്ചത്. ഇവയുടെ സുരക്ഷാ പരിശോധന നടത്തുന്നതിനായി, അത്തരം പരിശോധനകൾ നടത്തുന്നതിന് അംഗീകാരമുള്ള ഗ്വാളിയറിലെ ഡിആർഡിഒ പ്രതിരോധ ഗവേഷണ വികസന കാര്യാലയത്തിലെ ലബോറട്ടറിയിൽ എത്തിക്കുകയും പരിശോധിക്കുകയും ചെയ്തു. ഡിആർഡിഇ ലബോറട്ടറിയിൽ നടത്തിയ എല്ലാ പരിശോധനയിലും റെയിൽവെയുടെ സുരക്ഷാ കവചം ഉന്നത ഗുണനിലവാരം പുലർത്തുന്നതായി കണ്ടെത്തുകയായിരുന്നു.

ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനായി റെയിൽവേ എല്ലാ നിർമ്മാണ ശാലകൾക്കും മറ്റു യൂണിറ്റുകൾക്കും നിർദേശം നൽകി കഴിഞ്ഞു. 2020 ഏപ്രിലോടെ 30,000 വ്യക്തിഗത സുരക്ഷാ കവചങ്ങൾ നിർമ്മിക്കുന്നതിനു വേണ്ട അസംസ്‌കൃത വസ്തുക്കളും ഇവിടങ്ങളിൽ എത്തിച്ചിട്ടുണ്ട്.

ഇതിനകം കവചങ്ങളുടെ നിർമാണവും ആരംഭിച്ചു. ഈ സുരക്ഷാ കവചങ്ങൾ ഉപയോഗിക്കേണ്ട ഇന്ത്യൻ റെയിൽവേ ഡോക്ടർമാരും ഇവയുടെ പരീക്ഷണങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുന്നു. സുരക്ഷാ കവചങ്ങളുടെ ആവശ്യം വർധിക്കുന്നതനുസരിച്ച് 2020 മെയ് മാസത്തിൽ 1,00,000 എണ്ണം നിർമിക്കുന്നതിന് വേണ്ട അസംസ്‌കൃത വസ്തുക്കൾ റെയിൽവെ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

ആഗോള തലത്തിൽ ഇത്തരം സുരക്ഷാ കവചങ്ങൾ നിർമ്മിക്കുന്നതിൽ അസംസ്‌കൃത വസ്തുക്കളുടെയും സംവിധാനങ്ങളുടെയും കുറവുണ്ടായിട്ടും ഇതെല്ലാം തരണം ചെയ്താണ് റെയിൽവേ സുരക്ഷാ ഉപകരണങ്ങൾ നിർമിക്കുന്നത്. ലോകത്തെ ഏറ്റവും സുരക്ഷിതമായ റെയിൽവേ റോളിംഗ് സ്റ്റോക്കുകളുടെ നിർമാണത്തിലൂടെ വിജയം കൈവരിച്ച ഇന്ത്യൻ റെയിൽവെയുടെ വർക്ക് ഷോപ്പുകളുടെയും നിർമ്മാണ ശാലകളുടെയും കഴിവിലുള്ള വിശ്വാസമാണ് സുരക്ഷാ കവചങ്ങളുടെ നിർമ്മാണത്തിനു പിന്നിലുമുള്ളത്. റോളിംഗ് സ്റ്റോക്കിന്റെ രൂപകൽപ്പന, നിർമാണം, ഉപയോഗം തുടങ്ങിയവയ്ക്കായി സാധാരണ ഗതിയിൽ പിന്തുടരുന്ന അതേ കഴിവുകളും വൈദഗ്ധ്യവും പ്രോട്ടോക്കോളുകളും നടപടി ക്രമങ്ങളുമാണ് സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തിലും പിന്തുടരുന്നത്. അതുകൊണ്ടുതന്നെ ദ്രുതഗതിയിൽ ഇവയുടെ ഉൽപ്പാദനം സാധ്യമാക്കാനും റെയിൽവേയ്ക്കു കഴിഞ്ഞു.

Story highlight: Indian Railways sets an example for health workers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top