ഏഷ്യാ കപ്പ് ഉപേക്ഷിച്ച് ഐപിഎൽ നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്താൻ

ഏഷ്യാ കപ്പ് ഉപേക്ഷിച്ച് ഐപിഎൽ നടത്താൻ അനുവദിക്കില്ലെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. പാക് ക്രിക്കറ്റ് ബോർഡ് പ്രസിഡൻ്റ് ഇഹ്സാൻ മാനിയാണ് ഐപിഎല്ലിനു വേണ്ടി ഏഷ്യാ കപ്പ് ഉപേക്ഷിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്. ഏഷ്യാ കപ്പ് ഉപേക്ഷിച്ച് സെപ്തംബർ-ഒക്ടോബർ മാസങ്ങളിലായി ഐപിഎൽ നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ക്രിക്കറ്റ് ബോർഡ് നയം വ്യക്തമാക്കിയത്.

“ഇത്തരം അഭ്യൂഹങ്ങള്‍ കുറേയായി കേള്‍ക്കുന്നുണ്ട്. ഒരു കാര്യം ഓര്‍മിപ്പിക്കുന്നു. ഏഷ്യാ കപ്പ്‌ നടത്തുന്നതും, ഉപേക്ഷിക്കുന്നതും തീരുമാനിക്കേണ്ടത്‌ ഇന്ത്യയോ പാകിസ്താനോ അല്ല. മറ്റ്‌ രാജ്യങ്ങളും ഇതിന്റെ ഭാഗമാണ്. ഏഷ്യാ കപ്പ് നടത്തേണ്ടത് അനിവാര്യമാണ്. ടൂർണമെൻ്റിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ അടുത്ത രണ്ട് വർഷത്തേക്കുള്ള ക്രിക്കറ്റ് വികസന ഫണ്ട് ഇതിൽ നിന്നാണ് സമാഹരിക്കുക. ടി-20 ലോകകപ്പ് ഉപേക്ഷിക്കുകയാണെങ്കിലും അത് വലിയ ആഘാതമാവും”- പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ പറഞ്ഞു.

പാകിസ്താനിലാണ് നേരത്തെ ഏഷ്യാ കപ്പ് തീരുമാനിച്ചിരുന്നത്. ഇന്ത്യ പരമ്പര ബഹിഷ്കരിക്കും എന്ന് ഭീഷണി മുഴക്കിയതിനെ തുടർന്ന് ടൂർണമെൻ്റ് യുഎഇയിലേക്ക് മാറ്റിയിരുന്നു.

ടി-20 ലോകകപ്പ് രണ്ട് വർഷത്തേക്ക് മാറ്റിവച്ചു എന്നാണ് റിപ്പോർട്ട്. വരുന്ന ഒക്ടോബറിൽ നടക്കേണ്ടിയിരുന്ന ലോകകപ്പ് 2022ലേക്ക് മാറ്റിവച്ചു എന്നാണ് പുറത്തുവരുന്ന വിവരം. കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തിൽ ഒക്ടോബറിൽ ലോകകപ്പ് നടക്കാൻ സാധ്യതയില്ല. അടുത്ത വർഷം നടത്താൻ ഐസിസി കലണ്ടറിൽ സ്ഥലമില്ല. അതിനാൽ 2022ൽ നടത്താൻ തീരുമാനിച്ചു എന്നാണ് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത പുറത്തുവിട്ടത്. അങ്ങനെയെങ്കിൽ ഐപിഎൽ ഒക്ടോബർ-നവംബർ മാസങ്ങളിൽ നടത്തിയേക്കും.

Story highlights- Asia Cup,  IPL

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top