പീഡനക്കേസ്: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം; അറസ്റ്റ്

കണ്ണൂർ പാനൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. കണ്ണൂർ എസ് പി ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് എന്നിവർ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് കുനിയില്‍ പത്മരാജനെതിരെ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. എന്നാൽ ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. സ്കൂൾ ടോയ്ലെറ്റിൽ വച്ച് പത്ത് വയസുള്ള പെൺകുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമാണിയാൾ. പ്രതി ഒളിവിലാണെന്നും ലോക്ക് ഡൗൺ തിരക്കുകൾ കാരണമാണ് അന്വേഷണം വൈകുന്നതെന്നുമാണ് പൊലീസിൻ്റെ വിശദീകരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here