കാര്‍ഷിക മേഖലയില്‍ ഏപ്രില്‍ 20 ന് ശേഷമുള്ള ഇളവുകള്‍ ഇങ്ങനെ

കാര്‍ഷിക മേഖലയില്‍ ഏപ്രില്‍ 20 ന് ശേഷം ഇളവുകള്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ട്‌സ്‌പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ കാര്‍ഷികവൃത്തി അനുവദിക്കും. വിത്ത് ഇടുന്നതിന് പാടശേഖരങ്ങള്‍ പാകപ്പെടുത്തുന്നതിനും മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങളും അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

കാര്‍ഷികോത്പന്നങ്ങള്‍ മാര്‍ക്കറ്റിലെത്തിക്കുന്നതിന് മാര്‍ക്കറ്റുകള്‍ തുറക്കാം. ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ (ഓയില്‍ മില്‍, റൈസ് മില്‍, ഫ്‌ളവര്‍ മില്‍, വെളിച്ചെണ്ണ ഉത്പാദനം) തുടങ്ങിയവ പ്രവര്‍ത്തിപ്പിക്കാം. കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശത്തില്‍ വെളിച്ചെണ്ണ ഉള്‍പ്പെട്ടിരുന്നില്ല. അതുകൂടി ഉള്‍പ്പെടുത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ക്കും അനുമതി നല്‍കും. വളവും വിത്തും മറ്റും വില്‍ക്കുന്ന കടകള്‍ക്ക് അനുമതി നല്‍കും. മിനിമം ജീവനക്കാരെ വെച്ച് സഹകരണ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാം. പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, കൃഷി ഭവന്‍, അക്ഷയ സെന്ററുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കേണ്ടതാണ്. ജനങ്ങള്‍ക്കുള്ള സേവനം ഒരു തരത്തിലും മുടങ്ങാന്‍ പാടില്ല. തോട്ടം മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഏലം വിട്ടുപോയിട്ടുണ്ട്. ഏലവും കൂടി ഇതില്‍ ഉള്‍പ്പെടുത്തുന്നു. 50 ശതമാനം തൊഴിലാളികളെ വെച്ചാണ് ഒരുഘട്ടത്തിലുള്ള പ്രവര്‍ത്തനം തോട്ടങ്ങളില്‍ നടത്തേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top