സഹൽ ഒരു ടീം പ്ലെയർ അല്ല; മലയാളി താരത്തെ വിമർശിച്ച് ഈൽകോ ഷറ്റോരി

കേരള ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി താരം സഹൽ അബ്ദുൽ സമദിനെ വിമർശിച്ച് പരിശീകൻ ഈൽകോ ഷറ്റോരി. സഹൽ ഒരു ടീം പ്ലയർ അല്ലെന്നും കളിക്കളത്തിൽ സഹലിന് ആത്മാർത്ഥതയില്ലെന്നും ഷറ്റോരി കുറ്റപ്പെടുത്തി. ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഇൻസ്റ്റഗ്രാം പേജിൽ ആനന്ദ് ത്യാഗിയുമായി നടത്തിയ ലൈവ് ഇൻ്റർവ്യൂവിലാണ് ഷറ്റോരിയുടെ ആരോപണം.

“സഹലിനെ രാജ്യത്തെ ഏറ്റവും മികച്ച മിഡ്ഫീൽഡർ ആക്കാം എന്ന് ഞാൻ പറഞ്ഞിരുന്നു. അത് സത്യമായിരുന്നു. പക്ഷേ, അതിന് സമയം വേണമായിരുന്നു. സഹലിനെ കളിപ്പിക്കാതിരിക്കാൻ കാരണം കളിക്കളത്തിൽ അലസത കാണിക്കുന്നത് കൊണ്ടായിരുന്നു. ഒരു കളിക്കാരന് വിങ്ങിൽ കളിക്കുന്നോ മധ്യനിരയിൽ കളിക്കുന്നോ എന്നതൊന്നും അല്ല വിഷയം. ഒരു ടീം പ്ലെയറായി, ഒരു സിസ്റ്റത്തിൽ നിന്ന് തനിക്ക് നൽകിയിരിക്കുന്ന ജോലി ചെയ്യാൻ കഴിയുന്നുണ്ടോ എന്നതാണ്. എന്നാൽ സഹലിന് അത് സാധിച്ചിരുന്നില്ല. ഇന്ത്യക്ക് വേണ്ടി സഹൽ കളിച്ച മത്സരങ്ങൾ തന്നെ ഉദാഹരണമായി എടുക്കാം. പക്ഷേ, ലീഗ് അവസാന ഘട്ടത്തിൽ സഹലിൻ്റെ പ്രകടനം മെച്ചപ്പെട്ടിരുന്നു.”- ഷറ്റോരി പറഞ്ഞു.

യുവതാരങ്ങൾ ആകുമ്പോൾ ഇത് സാധാരണയാണ്. ജൂനിയർ ടീമിൽ നിന്ന് സീനിയർ ടീമിലെത്തുമ്പോൾ ഇത് സംഭവിക്കാം. പല യുവതാരങ്ങളെയും മുൻപ് താൻ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും ഷറ്റോരി പറഞ്ഞു.

സഹലിനെ ടീമിൽ ഉൾപ്പെടുത്താത്തതിൽ ഷറ്റോരി ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. പലപ്പോഴും സബ്സ്റ്റിറ്റ്യൂട്ട് ബെഞ്ചിലായിരുന്നു യുവതാരത്തിൻ്റെ സ്ഥാനം. മുൻപ് ഇക്കാര്യത്തെപ്പറ്റി ചോദിക്കുമ്പോൾ ടീം തന്ത്രമെന്നാണ് ഷറ്റോരി പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹത്തിൻ്റെ പുതിയ വെളിപ്പെടുത്തൽ മലയാളി താരം ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്ന സൂചനയാണ് നൽകുന്നത്.

Story Highlights: eelco schattorie critisizes sahal abdul samad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top