ആരോഗ്യമേഖലയില്‍ ഏപ്രില്‍ 20 ന് ശേഷം ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ ഇങ്ങനെ

ആരോഗ്യമേഖലയില്‍ ഏപ്രില്‍ 20 ന് ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശുപത്രികള്‍, ക്ലിനിക്കുകള്‍, ലാബുകള്‍, ഫിസിയോതെറാപ്പിയുടെ യൂണിറ്റുകള്‍ തുടങ്ങിയവ തുറന്നു പ്രവര്‍ത്തിക്കണം. തദ്ദേശ സ്വയംഭരണാതിര്‍ത്തിയില്‍ ഓരോ വാര്‍ഡിലും ഉള്ള രോഗം വരാന്‍ സാധ്യത കൂടുതലുള്ള (വള്‍നെറബിള്‍) ഗ്രൂപ്പിനെ പ്രത്യേകം അടയാളപ്പെടുത്തണം (60 വയസിനു മുകളിലുള്ളവര്‍, ഹൃദയം, വൃക്ക, കരള്‍, പ്രമേഹം, ബിപി തുടങ്ങിയ അസുഖങ്ങള്‍ക്ക് ചികിത്സയിലുള്ളവര്‍). രോഗബാധിതരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഡോക്ടറുമായി ബന്ധപ്പെടാന്‍ അവസരം വേണം. അതിന് തദ്ദേശസ്വയംഭരണ അതിര്‍ത്തിയില്‍ ടെലിമെഡിസിന്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖമന്ത്രി.
ഏതെങ്കിലും രോഗിയുടെ വീട്ടില്‍ ഡോക്ടര്‍ക്ക് പോകേണ്ടതുണ്ടെങ്കില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ വാഹനം അതിനായി ഉപയോഗിക്കാം. പ്രദേശത്തിന്റെ പ്രത്യേകതയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ രോഗികളെ ഇത്തരത്തില്‍ കാണേണ്ടിവരുമെങ്കില്‍ ഒരു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഏര്‍പ്പെടുത്താവുന്നതാണ്. ഇക്കാര്യത്തില്‍ സ്വകാര്യമേഖലയുടെ സഹായവും തേടാന്‍ നിശ്ചയിച്ചിട്ടുണ്ട്. ഓരോ ജില്ലയിലും ജില്ലാ കളക്ടറും ഡിഎംഒയും കൂടി സ്വകാര്യ മേഖലയിലെ ആശുപത്രി പ്രതിനിധികളുടെ യോഗം വിളിക്കും. ടെലിമെഡിസിന്റെ കാര്യത്തിലും മൊബൈല്‍ യൂണിറ്റിന്റെ കാര്യത്തിലും എത്രത്തോളം സ്വകാര്യമേഖലയ്ക്ക് സഹായിക്കാനും സഹകരിക്കാനും പറ്റുമെന്നത് അന്വേഷിക്കും. ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്‌സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ്, മറ്റ് ആവശ്യമായ സജ്ജീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് സജ്ജമാക്കണം.
സ്വകാര്യ ആശുപത്രികളെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാക്കും. ഓരോ ആശുപത്രിയുടെയും സൗകര്യങ്ങള്‍ രണ്ട് ഭാഗമാക്കും. ഒരു ഭാഗം കൊവിഡ് ചികിത്സയ്ക്കു മാത്രമായി മാറ്റിവയ്ക്കും. രണ്ടാമത്തെ ഭാഗം മറ്റ് അസുഖങ്ങള്‍ക്കുള്ളവര്‍ക്കായി മാറ്റിവയ്ക്കും. ഇത്തരത്തില്‍ വിഭജനം കഴിഞ്ഞാല്‍ ബാക്കി വരുന്ന ആ സ്ഥാപനത്തിലെ ജീവനക്കാര്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഫീല്‍ഡില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കണം. ഇതോടൊപ്പം ആയുര്‍വേദ മേഖലയിലും ഹോമിയോ വിഭാഗത്തിലുമുള്ള ചികിത്സാലയങ്ങളും മരുന്ന് ഷോപ്പുകളും തുറന്നു പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ആയുര്‍വേദ മരുന്നുകളുടെ പ്രാധാന്യം പൊതുവെ അംഗീകരിച്ചിട്ടുണ്ട്. ആയുര്‍വേദ/ ഹോമിയോ മരുന്ന് നിര്‍മാണ കമ്പനികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്നതിന് സംസ്ഥാനതലത്തിലായാലും അന്തര്‍സംസ്ഥാന തലത്തിലായാലും അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Story Highlights: Cm Pinarayi Vijayan, coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here