Advertisement

ലോക്ക് ഡൗൺ: തൊഴിൽ നഷ്ടപ്പെട്ട 800 പേർക്ക് ദിവസേന ആഹാരം നൽകി മുംബൈയിലെ മുസ്ലിം പള്ളി

April 16, 2020
Google News 1 minute Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക് ഡൗണിൻ്റെ പശ്ചാത്തലത്തിൽ തൊഴിൽ നഷ്ടപ്പെട്ട 800 പേർക്ക് ദിവസേന ഭക്ഷണം നൽകി മുംബൈയിലെ ഒരു മുസ്ലിം പള്ളി. മുംബൈ സകിനകയിലെ ജമാ മസ്ജിദ് അഹ്‌ലേ ഹദീസ് ആണ് മാനവികതയുടെ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ഭക്ഷണത്തോടൊപ്പം സമീപത്തെ പാവപ്പെട്ടവർക്ക് ഇവർ റേഷനും നൽകുന്നുണ്ട്.

“കൊവിഡ് 19നെപ്പോലെ വിശപ്പും മനുഷ്യനെ ബുദ്ധിമുട്ടിക്കുന്ന ഒരു സംഗതിയാണ്. മതത്തിൻ്റെ പരിഗണനയൊന്നും അതിനില്ല. ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങരുതെന്നാണ് ഞങ്ങളുടെ ആഗ്രഹം.”- പള്ളി ഇമാം മൗലാന ആതിഫ് പറഞ്ഞു. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം, രാജ്യത്ത് കൊവിഡ് മരണം 424 ആയി. 24 മണിക്കൂറിനിടെ 37 പേരാണ് മരിച്ചത്. 12,370 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. 1,508 പേരാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതർ മൂവായിരത്തിനോട് അടുക്കുന്നു. 232 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 2916 ആയി. 187 ആണ് ആകെ മരണസംഖ്യ. 295 പേർ ഇതുവരെ രോഗമുക്തരായി. മുംബൈയിലാണ് രോഗവ്യാപനം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മധ്യപ്രദേശിലെ ഇൻഡോറിൽ 159 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം 597 ആയി. മധ്യപ്രദേശിലാകെ 987 കോവിഡ് രോഗികളുണ്ട്. അതേസമയം, മേഘാലയയിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ഡോക്ടർ മരിച്ചു. ഇദ്ദേഹത്തിന്റെ ശവസംസ്‌കാരം നാട്ടുകാർ ഇടപെട്ട് തടഞ്ഞത് വാർത്തയായി.

Story Highlights: Mumbai Mosque Offering Meals To 800 Laborers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here