ദക്ഷിണ കൊറിയൻ തെരഞ്ഞെടുപ്പ്; പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ പാർട്ടിക്ക് ജയം

ദക്ഷിണ കൊറിയയിലെ നാഷണൽ അസംബ്ലി തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് മൂൺ ജെ ഇന്നിന്റെ പാർട്ടിക്ക് വിജയം. മൂൺ ജെ ഇൻ നയിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി ഉൾപ്പെടുന്ന സഖ്യം ആകെയുള്ള 300 സീറ്റുകളിൽ 180 സീറ്റുകളും നേടി. ഡെമോക്രാറ്റിക് പാർട്ടിക്ക് 163 സീറ്റുകൾ ലഭിച്ചു. ഡെമോക്രാറ്റിക് പാർട്ടിയുടെ സഖ്യകക്ഷി പ്‌ളാറ്റ്‌ഫോം പാർട്ടിയാണ്. 1987ൽ ദക്ഷിണ കൊറിയ പ്രസിഡൻഷ്യൽ രീതിയിലുള്ള ജനാധിപത്യ ക്രമത്തിലേക്ക് മാറിയതിന് ശേഷം ഇതാദ്യമായാണ് ഒരു പാർട്ടി ഇത്രയധികം സീറ്റുകൾ നേടുന്നത്.
കൊറോണ വൈറസ് വ്യാപനം രാജ്യം വിദഗ്ധമായി നിയന്ത്രിച്ചതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയിൽ തെരഞ്ഞെടുപ്പ് നടന്നത്. പക്ഷേ സാമ്പത്തിക മാന്ദ്യം കൊറിയയിൽ പിടിമുറുക്കി തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് പാർലമെന്റിലെ ഭൂരിപക്ഷം മൂൺ ജെ ഇന്നിന് സഹായകമാകും. ദക്ഷിണ കൊറിയയിലെ നാഷണൽ അസംബ്ലിയുടെ കാലാവധി നാല് വർഷമാണ്. മുഖ്യ പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടിയും സഖ്യകക്ഷിയായ ഫ്യൂച്ചർ കൊറിയൻ പാർട്ടിയും ഒരുമിച്ച് 103 സീറ്റുകൾ മാത്രമാണ് നേടിയത്.
300 സീറ്റുകളിൽ 253 എണ്ണത്തിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിൽ 163 സീറ്റ് ഡെമോക്രാറ്റിക് പാർട്ടി സ്വന്തമാക്കി. പ്രതിപക്ഷമായ യുണൈറ്റഡ് ഫ്യൂച്ചർ പാർട്ടി 84 സീറ്റുകളാണ് നേടിയത്. ശേഷിക്കുന്ന 47 സീറ്റുകൾ പാർട്ടികൾ ആകെ നേടിയ വോട്ടുകൾക്ക് അടിസ്ഥാനമാക്കി വിതരണം ചെയ്യും.
Story highlights-south korea,election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here