ഐപിഎൽ നടത്താൻ തയ്യാർ: ശ്രീലങ്ക

2020 ഐപിഎൽ സീസൺ നടത്താൻ തയ്യാറാണെന്ന് ശ്രീലങ്ക. കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിനെ തുടർന്ന് ഐപിഎൽ അനിശ്ചിതമായി നിർത്തിവച്ചിരിക്കുകയാണെന്ന് ബിസിസിഐ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഐപിഎൽ നടത്താൻ സന്നദ്ധത അറിയിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് രംഗത്തെത്തിയിരിക്കുന്നത്.
“ഇന്ത്യക്ക് മുൻപ് ശ്രീലങ്ക കൊറോണ മുക്തമാകുമെന്നാണ് തോന്നുന്നത്. അങ്ങനെയെങ്കിൽ ടൂർണമെൻ്റ് ഇവിടെ നടത്താനാവും. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ബിസിസിഐയെ ഉടൻ സമീപിക്കും.”- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷമ്മി സിൽവ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഐപിഎൽ അനിശ്ചിതമായി നീട്ടിവച്ചു എന്ന് ബിസിസിഐ അറിയിച്ചത്. ഫ്രാഞ്ചൈസികൾക്ക് ഇത് സംബന്ധിച്ച വിവരം ബിസിസിഐ കൈമാറിയിട്ടുണ്ട്. ടൂർണമെൻ്റ് ഉപേക്ഷിച്ചിട്ടില്ലെന്നും സാഹചര്യങ്ങൾ പരിഗണിച്ച് നടത്താൻ ശ്രമിക്കുമെന്നും ബിസിസിഐ അറിയിച്ചു. മാർച്ച് 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ ഈ മാസം 15ലേക്ക് മാറ്റിവച്ചിരുന്നു. എന്നാൽ രാജ്യത്തെ ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ ടൂർണമെൻ്റ് നീട്ടിവക്കാൻ ബിസിസിഐ നിർബന്ധിതരാവുകയായിരുന്നു.
അതേ സമയം, ഐപിഎൽ ജൂലായ് മാസത്തിൽ നടത്തുമെന്ന് സൂചനയുണ്ട്. കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ ഈ സീസൺ റദ്ദാക്കിയാൽ 3869.5 കോടി രൂപയുടെ നഷ്ടം സംഭവിക്കുമെന്നാണ് റിപ്പോർട്ട്. ബിസിനസ് ടുഡേ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരം. ബിസിഐക്കും ഐപിഎല്ലിൻ്റെ ഇന്ത്യയിലെ ടിവി സംപ്രേഷണാവകാശമുള്ള സ്റ്റാർ സ്പോർട്സിനും കനത്ത നഷ്ടം സംഭവിക്കും.
3869.5 കോടിയുടെ നഷ്ടത്തിൽ 3269.5 കോടി രൂപ സംപ്രേക്ഷണ ആദായം, 200 കോടി രൂപ സെൻട്രൽ സ്പോൺസർഷിപ്പും, 400 കോടി രൂപ ടൈറ്റിൽ സ്പോൺസർഷിപ്പ് ഇനത്തിലുമാണ്. ഇതിനു പുറമെ മറ്റ് ചില സ്പോൺസർഷിപ്പ് വരുമാനങ്ങളും ബിസിസിഐക്ക് നഷ്ടമാവും. സ്റ്റാർ സ്പോർട്സിന് പരസ്യ വരുമാനവും പ്രേക്ഷക വരുമാനവും നഷ്ടമാവും.
Story Highlights: Sri Lanka offer to host IPL after BCCI postpones Indian Premier League till further notice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here