വ്യവസായ, നിര്‍മാണ മേഖലകളില്‍ ഏപ്രില്‍ 20 ന് ശേഷമുള്ള ഇളവുകള്‍ ഇങ്ങനെ

ഏപ്രില്‍ 20 ന് ശേഷം വ്യവസായ, നിര്‍മാണ മേഖലകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ക്ക് സ്വാഭാവിക ജീവിതം നയിക്കാന്‍ സഹായകമായ രീതിയില്‍ ചില മേഖലകളില്‍ ഇളവുകള്‍ നല്‍കേണ്ടി വരും. ക്രയവിക്രയ ശേഷി വര്‍ധിപ്പിക്കുന്നതിന് ആളുകള്‍ക്ക് വരുമാനം ഉണ്ടാകണം. തൊഴില്‍മേഖല സജീവമാക്കാനാവണം. പിഡബ്ല്യൂഡി പ്രവൃത്തികളും സ്വകാര്യ മേഖലയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ച് കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ശാരീരിക അകലം പാലിക്കുകയും ശുചിത്വ മാനദണ്ഡങ്ങള്‍ അനുസരിക്കുകയും വേണം. ഓരോ പ്രവൃത്തി സ്ഥലത്തും എത്തുന്ന തൊഴിലാളികളുടെ ആരോഗ്യ പരിശോധന നിര്‍ബന്ധമാണ്. തൊഴില്‍ നടത്തിക്കുന്ന ആളുകളുടെ ചുമതലയായിരിക്കും അത്.

വ്യവസായ മേഖലയില്‍ കഴിയുന്നത്ര പ്രവര്‍ത്തനം ആരംഭിക്കാനാവണം. പ്രത്യേകിച്ച് കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, ഖാദി എന്നീ മേഖലകളില്‍. ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം പുനരാരംഭിക്കണം. ഇത്തരം സ്ഥാപനങ്ങളില്‍ പ്രത്യേക എന്‍ട്രി പോയിന്റുകളിലൂടെയാവണം ജീവനക്കാര്‍ പ്രവേശിക്കേണ്ടത്. ജീവനക്കാര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മാനേജ്‌മെന്റുകള്‍ ഉറപ്പുവരുത്തണം. സ്ഥാപനത്തോട് അനുബന്ധിച്ച് പ്രത്യേക താമസ സൗകര്യം ഇല്ലാത്ത കമ്പനികള്‍ ജീവനക്കാര്‍ക്ക് വരുന്നതിനും പോകുന്നതിനും വാഹന സൗകര്യവും ഏര്‍പ്പെടുത്തണം. കൂടുതല്‍ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളില്‍ 50 ശതമാനത്തില്‍ താഴെ മാത്രം തൊഴിലാളികളെ വച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം നടത്താന്‍ ശ്രദ്ധിക്കേണ്ടതാണ്.

മെഡിക്കല്‍ രംഗത്ത് വിവിധ ആവശ്യങ്ങള്‍ക്ക് റബ്ബര്‍ ഉപയോഗിക്കുന്നതിനാല്‍ റബ്ബര്‍ സംസ്‌കരണ യൂണിറ്റുകള്‍ക്ക് ഇളവുകള്‍ നല്‍കും. കെട്ടിട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാതിവഴിയില്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്ന സ്ഥിതിയാണുള്ളത്. മെയ് മാസം കഴിയുന്നതോടെ കനത്ത മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ അതിനകം നല്ല ഭാഗം പൂര്‍ത്തീകരിക്കാന്‍ കഴിയണം. ലൈഫ് പദ്ധതിയിലുള്ള വീടുകളുടെ നിര്‍മാണവും ഉടനെ പൂര്‍ത്തിയാക്കണം. അതിനുവേണ്ടി താല്‍ക്കാലികമായ സംവിധാനങ്ങള്‍ ഒരുക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഇതിന് അനുമതി നല്‍കേണ്ടതാണ്.

Story Highlights: coronavirus, Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top