Advertisement

ലോകാരോഗ്യ സംഘടനയ്ക്ക് പണം ലഭിക്കുന്നത് എവിടെയെല്ലാം നിന്ന് ? എവിടെ ചെലവാക്കുന്നു ? [24 Explainer]

April 16, 2020
Google News 2 minutes Read

കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടനയ്ക്ക് പണം നൽകില്ലെന്ന് പ്രഖ്യാപിച്ച് അമേരിക്ക രംഗത്തെത്തുന്നത്. കൊവിഡ് പടരുന്നതിന്റെ പശ്ചാത്തലത്തിൽ ശരിയായ മാർഗനിർദേശങ്ങൾ നൽകുന്നതിൽ സംഘടന പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അമേരിക്കയുടെ പിൻവാങ്ങൽ.

അന്ന് മുതലാണ് നമ്മിൽ പലരും ഇതിന്റെ പ്രവർത്തനത്തെ കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്. എങ്ങനെയാണ് ലോകാരോഗ്യ സംഘടന പ്രവർത്തിക്കുന്നത് ? ആരെല്ലാമാണ് സംഘടനയ്ക്ക് പണം നൽകിയിരുന്നത് ? ഈ പണം എങ്ങനെ ചെലവഴിക്കുന്നു ?

പണം ലഭിക്കുന്ന മാർഗങ്ങൾ :

രാജ്യങ്ങൾ, കാരുണ്യപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ, യുഎൻ എന്നിവയിൽ നിന്നാണ് ലോകാരോഗ്യ സംഘടനയ്ക്ക് പ്രവർത്തിക്കാനാവശ്യമായ പണം പ്രധാനമായും ലഭിക്കുന്നത്. ലോകാരോഗ്യ സംഘടന പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 35.42% പണവും നൽകുന്നത് രാജ്യങ്ങളാണ്. കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾ നൽകുന്ന പണം 9.33%വും, യുഎൻ 8.1%വും മറ്റ് വഴിയിൽ ലഭിക്കുന്ന പണം 15.66% വുമാണ്.

ലോകാരോഗ്യ സംഘടനയ്ക്ക് ലഭിക്കുന്ന മുഴുവൻ തുകയിൽ 15 ശതമാനവും നൽകുന്നത് യുഎസാണ്. സംഘടനയിൽ അംഗങ്ങളായ രാജ്യങ്ങൾ നൽകുന്ന മൊത്തം പണത്തിന്റെ 31 ശതമാനവും യുഎസ് നൽകുന്ന പണമാണ്. സംഘടനയ്ക്ക് എത്ര പണം നൽകണം എന്നത് അതത് രാജ്യത്തിന് തീരുമാനിക്കാം. പണം നൽകാതിരിക്കാനുള്ള സ്വാതന്ത്ര്യവും അംഗരാജ്യങ്ങൾക്കുണ്ട്.

ഈ പണം ചെലവാഴിക്കുന്നത് എങ്ങനെ ?

ലോകാരോഗ്യ സംഘടനയുടെ ഒരു വർഷത്തെ പരിപാടികൾ എന്തൊക്കെയെന്നത് ‘ദ വേൾഡ് ഹെൽത്ത് അസംബ്ലി’യാകും തീരുമാനിക്കുക. എല്ലാ അംഗരാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന അസംബ്ലിയിൽ എക്‌സിക്യൂട്ടിവ് ബോർഡ് തയാറാക്കിയ ആരോഗ്യ അജണ്ഡ ചർച്ച ചെയ്യും.

ജനീവയിൽ എല്ലാ വർഷവും നടത്തുന്ന പ്രതിവർഷ അസംബ്ലിയിൽ ഡയറക്ടർ ജനറൽ തെരഞ്ഞെടുപ്പ്, സംഘടനാ നയങ്ങളുടെ തീരുമാനം, സാമ്പത്തിക വശങ്ങൾ, ബജറ്റ് തുടങ്ങിയ കാര്യങ്ങളാകും ചർച്ചയാകുക.

ഓരോ രാജ്യങ്ങൾക്കും ലോകാരോഗ്യ സംഘടനയിൽ നിന്ന് എത്ര പണം ലഭിക്കുന്നു എന്നത് അതത് രാജ്യത്തിന്റെ സ്ഥിതി അനുസരിച്ചിരിക്കും.

രോഗങ്ങളുടെ കാര്യം വരുമ്പോൾ, പ്രത്യേകിച്ച് പകർച്ചവ്യാധികളുടെ കാര്യത്തിൽ, വിവിധ രാജ്യങ്ങളിലെ ആരോഗ്യ രംഗത്തിന്റെ വളർച്ച പല തരത്തിലാകുന്നത് വലിയ അപകടമാണ് ക്ഷണിച്ച് വരുത്തുന്നതെന്ന് സംഘടനയുടെ 13-ാം ജനറൽ പ്രോഗ്രാമിൽ പറഞ്ഞിരുന്നു.

ഇന്ത്യയും ലോകാരോഗ്യ സംഘടനയും

1948 ജനുവരി 12നാണ് ഇന്ത്യ ലോകാരോഗ്യ സംഘടനയുടെ ഭാഗമാകുന്നത്. ആരോഗ്യമന്ത്രിയും ലോകാരോഗ്യ സംഘടനയുടെ രാജ്യത്തെ ഓഫിസും ചേർന്നാണ് സിസിഎസ് (The WHO India Country Cooperation Strategy) തീരുമാനിക്കുന്നത്. ആരോഗ്യ രംഗം ശക്തിപ്പെടുത്തുന്നതിനാണ് ഇത്.

പ്രതിരോധ കുത്തിവയ്പ്പ്, ടിബി, ക്ഷയം പോലുള്ള രോഗങ്ങളുടെ നിർമാർജനം എന്നവയിൽ ലോകാരോഗ്യ സംഘടനയുടെ പങ്ക് ചെറുതല്ല. എന്നാൽ ഒരു രാജ്യത്ത് നടപ്പാക്കുന്ന ആരോഗ്യ പദ്ധതികളുടെ ചുമതല അതത് രാജ്യത്തിനായിരിക്കും. ലോകാരോഗ്യ സംഘടനയ്ക്ക് ‘സപ്പോർട്ടിംഗ് റോൾ’ മാത്രമേ ഉണ്ടാകുകയുള്ളു.

Story Highlights- WHO, 24 Explainer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here