Advertisement

ഹോട്ടലുകള്‍ തുറക്കാം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം; കോട്ടയം ജില്ലയിലെ ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ

April 18, 2020
1 minute Read
kottayam sign board

കൊവിഡ് രോഗ നിയന്ത്രണ നടപടികളുടെ ഭാഗമായി ഗ്രീന്‍ സോണില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോട്ടയം ജില്ലയില്‍ ലോക്ക്ഡൗണില്‍ അനുവദിക്കേണ്ട ഇളവുകള്‍ സംബന്ധിച്ച് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ 21 മുതലാണ് ഇളവുകള്‍ നിലവില്‍ വരിക. അതുവരെ നിയന്ത്രണങ്ങള്‍ തുടരും. ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു, ജില്ലാ പൊലീസ് മേധാവി ജി. ജയദേവ്, എഡിഎം അനില്‍ ഉമ്മന്‍, വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇളവുകള്‍ ഇങ്ങനെ

1. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. അന്തര്‍ ജില്ലാ യാത്രകള്‍ക്ക് നിയന്ത്രണമുള്ള സാഹചര്യത്തില്‍ ജില്ലയില്‍ ജോലി ചെയ്യുന്ന ഇതര ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ എന്നും പോയിവരുന്നത് ഒഴിവാക്കി ഇവിടെ താമസിക്കണം.

2. റെഡ് സോണില്‍ ഉള്‍പ്പെട്ട കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ജീവനക്കാര്‍ കോട്ടയം ജില്ലയിലെത്തുമ്പോള്‍ പതിനാലു ദിവസം ക്വാറന്റീനില്‍ കഴിയണം. ഈ പതിനാലു ദിവസം ഡ്യൂട്ടിയായി പരിഗണിക്കും. പ്രധാന ഓഫീസുകളില്‍ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതിന് ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍ ലഭ്യമാക്കും.

3. വ്യാപാര സ്ഥാപനങ്ങള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാം. രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ഏഴു വരെയാണ് പൊതുവായ പ്രവര്‍ത്തന സമയം. അതേസമയം വിവിധ വിഭാഗങ്ങളിലുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രത്യേക സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

4. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും രാവിലെ എട്ടു മുതല്‍ വൈകുന്നേരം ഏഴു വരെ ഭക്ഷണം ഇരുന്ന് കഴിക്കാന്‍(ഡൈനിംഗ്) സൗകര്യം നല്‍കാം. വൈകുന്നേരം ഏഴു മുതല്‍ എട്ടുവരെ പാഴ്‌സല്‍ സര്‍വീസിന് അനുമതിയുണ്ട്. ഡൈനിംഗില്‍ സാമൂഹിക അകലം ഉറപ്പാക്കണം. ജീവനക്കാരും ഭക്ഷണം കഴിക്കുന്ന സമയം ഒഴികെ സന്ദര്‍ശകരും മാസ്‌ക് ധരിക്കണം. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം.

4. ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെ തുറക്കാം

5. ജ്വല്ലറികള്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ തുറക്കാം

6. കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില്‍പന കേന്ദ്രങ്ങള്‍, വാച്ച് കടകള്‍ തുടങ്ങിയവ
വൈകുന്നേരം ആറു വരെ തുറക്കാം

7. ബാര്‍ബര്‍ ഷോപ്പുകള്‍ എല്ലാ ദിവസവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറു വരെ പ്രവര്‍ത്തിക്കാം. എയര്‍ കണ്ടീഷണര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ല. മാസ്‌കുകളും സാനിറ്റൈസറും ഉറപ്പാക്കണം. തുണികള്‍ക്ക് പകരം ഡിസ്‌പോസിബിള്‍ സാമഗ്രികള്‍ മാത്രമേ ഉപയോഗിക്കാവൂ. ഉപകരണങ്ങള്‍ ഉപയോഗത്തിനുശേഷം അണുവിമുക്തമാക്കണം.

8. മറ്റു ജില്ലകളിലേക്കും സംസ്ഥാനത്തിന് പുറത്തേക്കും തിരികെയുമുള്ള യാത്രകള്‍ക്ക് നിരോധനമുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ പ്രത്യേക അനുമതി തേടണം.

9. ജില്ലയ്ക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് പ്രത്യേക അനുമതിയോ പാസോ ആവശ്യമില്ല.

10. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം. ഡ്രൈവര്‍ക്കു പുറമെ പ്രായപൂര്‍ത്തിയായ രണ്ടു
പേര്‍ക്കും പതിനഞ്ചു വയസില്‍ താഴെയുള്ള രണ്ടു പേര്‍ക്കും യാത്ര ചെയ്യാം.

11. ജില്ലയ്ക്കുള്ളില്‍ പൊതുഗതാഗത സംവിധാനം നടപ്പാക്കുന്നതിന് കെഎസ്ആര്‍ടിസി അധികൃതരുമായും സ്വകാര്യ ബസുടമകളുമായും ചര്‍ച്ച നടത്തും.

12. ഓട്ടോറിക്ഷകള്‍ രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ സര്‍വീസ് നടത്താം. പരമാവധി രണ്ടു യാത്രക്കാര്‍ മാത്രം.

13. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, പരിശീലന കേന്ദ്രങ്ങള്‍ മുതലായവയ്ക്ക് പ്രവര്‍ത്തന നിരോധനം തുടരും. വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെയുള്ള മറ്റു താമസകേന്ദ്രങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

14. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് 20 പേരില്‍ അധികമാകരുത്. എത്തുന്നവര്‍ സാമൂഹിക അകലം ഉറപ്പാക്കണം.

15. ആരാധനാലയങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാന്‍ പാടില്ല. മതപരമായ കൂടിച്ചേരലുകള്‍ക്ക് നിരോധനം തുടരും.

17. സിനിമാ തിയേറ്ററുകള്‍, മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍, ജിംനേഷ്യങ്ങള്‍, സ്‌പോര്‍ട്‌സ്
കോംപ്ലസുകള്‍, നീന്തല്‍ കുളങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ മുതലയാവ തുറക്കാന്‍ പാടില്ല.

18. കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇളവ്

19. ഫാക്ടറികള്‍ വ്യവസായ യൂണിറ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കാം.

Story Highlights: coronavirus, kottayam,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top