കൊവിഡ് : മഹാരാഷ്ട്രയില്‍ 75 ശതമാനം രോഗികളിലും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരില്‍ 75 ശതമാനം രോഗികളിലും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വിഡിയോ കോണ്‍ഫറന്‍സിങ് വഴി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഉദ്ധവ് താക്കറെ രോഗം സ്ഥിരീകരിച്ച ഭൂരിപക്ഷം പേരും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല എന്ന് വെളിപ്പെടുത്തിയത്. സംസ്ഥാനത്ത് രോഗലക്ഷണങ്ങളുമായി എത്തിയ 66,000 പേരിലാണ് സ്രവ പരിശോധന നടത്തിയത്. ഇതില്‍ 3600 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

‘ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ചുവെയ്ക്കരുത്. ഉടന്‍ തന്നെ ആരോഗ്യവിഭാഗത്തെ അറിയിക്കണം. സംസ്ഥാനത്തെ കൊവിഡ് ബാധിതരില്‍ 75 ശതമാനം പേര്‍ക്കും പ്രകടമായ രോഗലക്ഷണങ്ങള്‍ കണ്ടിരുന്നില്ല ‘ ഉദ്ധവ് താക്കറെ പറഞ്ഞു.നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ 52 ശതമാനം പേരും ഗുരുതരാവസ്ഥയിലാണെന്നും ഉദ്ധവ് താക്കറെ സ്ഥിരീകരിച്ചു. അവസാന ഘട്ടത്തിലാണ് പലരും ചികിത്സ തേടി എത്തിയത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ മറച്ചുവെയ്ക്കരുത് എന്ന് ഉദ്ധവ് താക്കറെ അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഗ്രീന്‍, ഓറഞ്ച് സോണുകളുടെ കീഴിലുളള പ്രദേശങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെനന്നും കര്‍ശനമായ നിയന്ത്രണങ്ങളോടെയായിരിക്കും ഇവയ്ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുമതി നല്‍കുക എന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Story highlights-75 percent of Covid’s patients had no symptoms in Maharashtra ,Uddhav Thackeray

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top