പൊലീസ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങൾ പരിമിതപ്പെടുത്തി പൊലീസ് ആക്ടില്‍ ഭേദഗതി

പൊലീസ് അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങൾ പരിമിതപ്പെടുത്തി പൊലീസ് ആക്ടില്‍ ഭേദഗതി. രാഷ്ട്രീയ പ്രവര്‍ത്തനവും നിര്‍ബന്ധിത പണപ്പിരിവും പാടില്ലെന്നാണ് പുതിയ ചട്ടം. രണ്ട് വര്‍ഷത്തിലേറെ ആര്‍ക്കും തുടര്‍ച്ചയായി ഭാരവാഹിയാകാനാവില്ല. അയ്യായിരം രൂപ വരെ പിഴയുള്ള പെറ്റിക്കേസുകള്‍ അവസാനിപ്പിക്കാനുള്ള അധികാരം പൊലീസിന് നല്‍കുന്ന വ്യവസ്ഥകളും ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തി.

പൊലീസ് അസോസിയേഷനിലെ പ്രവർത്തനങ്ങളെക്കുറിച്ച് യുഡിഎഫ് അനുകൂല വിഭാഗം വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അസോസിയേഷനുകളുടെ പ്രവർത്തനങ്ങൾക്കു മൂക്ക് കയറിട്ട് പൊലീസ് ആക്ടിൽ ഭേദഗതി വരുത്തിയത്. പൊലീസ് ആക്ടില്‍ ചില ചട്ടങ്ങള്‍ കൂട്ടിച്ചേർത്തു കൊണ്ടുള്ള പുതിയ വിഞ്ജാപനം അസോസിയേഷനുകളുടെ പ്രവര്‍ത്തനങ്ങളെ കാര്യമായി നിയന്ത്രിക്കുന്നതാണ്.

രണ്ട് വര്‍ഷം ഭാരവാഹിയായവര്‍ക്ക് വീണ്ടും ഭാരവാഹിയാകണമെങ്കില്‍ മൂന്ന് വര്‍ഷം കഴിയണമെന്നുള്ള വ്യവസ്ഥയാണ് ഇതിൽ പ്രധാനം. സംസ്ഥാന ഭാരവാഹികൾക്കും ജില്ലാ ഭാരവാഹികൾക്കും വ്യവസ്ഥ ബാധകം. പരോക്ഷമായുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങൾക്ക് പോലും വിലക്കുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിന് സംസ്ഥാന പൊലീസ് മേധാവിയുടെ അനുമതി വേണം. കൂടാതെ സോഷ്യൽ മീഡിയയിൽ ഇടപെടുന്നതിനും പരിമിതി നിർദ്ദേശിച്ചു. അസോസിയേഷനുകളുടെ സമ്മേളനങ്ങള്‍ ഒരു ദിവസത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. പെറ്റി കേസുകള്‍ തീര്‍പ്പാക്കാന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന ചട്ടം മാറ്റി ജില്ല പൊലീസ് മേധാവിമാര്‍ക്കും എസ്എച്ച്ഒമാര്‍ക്കും അധികാരം നല്‍കി. അയ്യായിരം രൂപ വരെ പിഴയുള്ള കേസുകളാണ് ഈ വിധത്തിൽ പൊലീസിന് തീര്‍പ്പ് കല്‍പ്പിക്കാനാവുന്നത്.

ഇടത് സർക്കാരിന്റെ കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കേ അസോസിയേഷനുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് രാഷ്ട്രീയപ്രേരിതമെന്നാണ് യുഡിഎഫ് അനുകൂല വിഭാഗത്തിന്റെ ആക്ഷേപം.

Story Highlights: Amendment to the Police Act limiting the activities of Police Associations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top