രാജ്യത്ത് കൊവിഡ് മരണം 519 ആയി; രോഗബാധിതർ 16,000 കടന്നു

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16,000 കടന്നു. 16116 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. മരണം 519 ആയി. 24 മണിക്കൂറിനിടെ 31 മരണവും 1324 പോസിറ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു. 2302 പേർ രോഗമുക്തരായി.

കൊവിഡിനെ തുരത്താൻ രാജ്യത്തിനുള്ളിൽ തന്നെ വാക്‌സിൻ വികസിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യാന്തര തലത്തിൽ നടക്കുന്ന ശ്രമങ്ങൾ നിരീക്ഷിച്ചു വരികയാണ്. മരുന്ന് പരീക്ഷണത്തിനും നടപടി തുടങ്ങി. ആയുഷ്, ഐസിഎംആർ, മറ്റ് ഉന്നത ശാസ്ത്ര-സാങ്കേതിക ഏജൻസികൾ എന്നിവയെ ഉൾക്കൊള്ളിച്ച ദൗത്യ സേന രൂപീകരിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഡൽഹിയിൽ കലാവതി സരൺ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നര വയസുള്ള കുഞ്ഞ് മരിച്ചു. ലേഡി ഹാർഡിങ് ആശുപത്രിയിലെ 2 ഡോക്ടർമാർക്കും 6 നഴ്സുമാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

ഗുജറാത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 1700 കടന്നു. 139 പുതിയ കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തതോടെ രോഗബാധിതരുടെ എണ്ണം 1743 ആയി. 63 പേർ ഇതുവരെ മരിച്ചു. അഹമ്മദാബാദിൽ മാത്രം പോസിറ്റീവ് കേസുകളുടെ എണ്ണം 1000 കടന്നു. മധ്യപ്രദേശിലെ ഇൻഡോറിൽ ഇതുവരെ 890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജസ്ഥാനിൽ ഇന്ന് 80 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ പോസിറ്റീവ് കേസുകൾ 1431 ആണ്. ജയ്പുരിൽ ഒരാൾ മരിച്ചു. ആഗ്രയിൽ 45 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. അതേസമയം, ഗോവയിലെ അവസാന കൊവിഡ് രോഗിയും രോഗമുക്തനായി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top