കൊറോണ പ്രതിരോധം; നാവ് ബലി നൽകി യുവാവ്

കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ സ്വന്തം നാവ് മുറിച്ച് ബലി നൽകി യുവാവ്. ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിലെ നാദേശ്വരിയിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശിയായ വിവേക് ശര്‍മ എന്ന കുടിയേറ്റ തൊഴിലാളിയാണ് കൊറോണ പ്രതിരോധത്തിനായി നാവ് ബലി നൽകിയത്.

ക്ഷേത്രത്തിലെ ശില്പ നിർമ്മാണ തൊഴിലാളിയായ വിവേക് ശര്‍മ സഹോദരൻ അടക്കമുള്ള 8 പേർക്കൊപ്പമാണ് ഗുജറാത്തിൽ കഴിഞ്ഞിരുന്നത്. ശനിയാഴ്ച രാവിലെ ചന്തയിലേക്കെന്ന് പറഞ്ഞ് പുറത്തിറങ്ങിയ ഇയാളെ കാണാതായതോടെ ഒപ്പമുള്ളവർ പരിഭ്രാന്തരായി. തുടർന്ന് ഇവർ ഇയാളുടെ ഫോണിലേക്ക്ക് വിളിച്ചു. അപ്പോഴാണ് ഇയാൾ നാക്ക് ബലി നൽകിയ കാര്യം അറിയിച്ചത്. താൻ ക്ഷേത്രത്തിലാണെന്നും കൊറോണ വ്യാപനം തടയാൻ നാദേശ്വരി മാതാജിക്ക് തൻ്റെ നാവ് ബലി നൽകി എന്നും ആയിരുന്നു വിവേകിൻ്റെ മറുപടി. ഇയാൾ കടുത്ത കാളീ ഭക്തനാണെന്ന് ഒപ്പം ജോലി ചെയ്യുന്ന ബ്രിജേഷ് സിംഗ് പൊലീസിനോട് പറഞ്ഞു. ബലി നൽകുന്നത് കണ്ട ദൃക്സാക്ഷികൾ നാവ് മുറിച്ച് ഇയാൾ കയ്യിൽ പിടിച്ചു എന്ന് പൊലീസിനെ അറിയിച്ചു. ക്ഷേത്രം അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന്റെ നാവ് ഒട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്.

ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു ശേഷം ഇയാൾ ഇതുവരെ വീട്ടിൽ പോയിട്ടില്ല. ലോക്ക് ഡൗൺ കാലം ഉൾപ്പെടെ രണ്ട് മാസത്തോളമായി ഇയാൾ സ്വദേശത്തേക്ക് പോയിട്ട്. സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണം ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

അതേ സമയം, രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനാലായിരം കടന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 14792 ആയി. 488 പേർ മരിച്ചു. 24 മണിക്കൂറിനിടെ 957 പുതിയ കേസുകളും 36 മരണവും റിപ്പോർട്ട് ചെയ്തു. രോഗമുക്‌തരുടെ എണ്ണം രണ്ടായിരം കടന്നു. 2015 പേരാണ് ആശുപത്രി വിട്ടത്. ഗുജറാത്തിൽ 24 മണിക്കൂറിനിടെ പന്ത്രണ്ട് പേർ മരിച്ചു. ഡൽഹിയിൽ കണ്ടെന്റ്മെന്റ് സോണുകളുടെ എണ്ണം 76 ആയി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top