കൊവിഡ് ഭീകരത; 16 ചരമ പേജുകളുമായി അമേരിക്കൻ ദിനപത്രം

കൊവിഡ് 19 എന്ന മഹാമാരി അമേരിക്കയെ എത്രത്തോളം ഭയാനകമായാണ് ബാധിച്ചിരിക്കുന്നതെന്നതിന് തെളിവായിരുന്നു ഏപ്രിൽ 21 ഞായറാഴ്ച്ച പുറത്തിറങ്ങിയ ബോസ്റ്റൺ ഗ്ലോബ് ദിനപത്രം. 16 ചരമ പേജുകളായിരുന്നു ഞായറാഴ്ച്ച പ്രസിദ്ധീകരിച്ച പത്രത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും കൊവിഡ് ബാധിതരായി മരിച്ചവരുടെ വാർത്തകളായിരുന്നു. ഇതാദ്യമായാണ് ബോസ്റ്റൺ ഗ്ലോബ് ചരമ വാർത്തകൾക്കായി ഇത്രയധികം പേജുകൾ മാറ്റിവയ്ക്കുന്നത്. നേരത്തെ കൊവിഡ് മരണം വ്യാപകമായിരുന്ന സമയത്ത് ഇറ്റലിയിലെ പത്രങ്ങളും നിരവധി പേജുകൾ ചരമവാർത്തകൾക്കായി മാറ്റിവച്ചിരുന്നു. ബെർഗാമോ ഇറ്റലി പോലുള്ള പത്രങ്ങൾ ഇറ്റലിയിലെ കൊവിഡ് ഭീകരതയുടെ വ്യാപ്തി ലോകത്തിനു മുന്നിൽ എത്തിച്ച് ശ്രദ്ധ നേടിയിരുന്നു. ഇറ്റാലിയൻ പത്രങ്ങളെ ഓർമിപ്പിക്കുന്നതാണ് അമേരിക്കൻ ദിനപത്രമായ ബോസ്റ്റൻ ഗ്ലോബിന്റെ നടപടിയും.
ബോസ്റ്റൻ ഗ്ലോബ് പ്രസിദ്ധീകരിക്കുന്നതനുസരിച്ച് മസാച്യൂസെറ്റ്സ് സംസ്ഥാനത്ത് കൊവിഡ് അതിഭീകരമായാണ് ബാധിച്ചിരിക്കുന്നത്. അമേരിക്കയിലെ കൊവിഡ് ഹോട്സ്പോട്ടുകളിൽ മുന്നിൽ നിൽക്കുന്ന മസാച്യൂസെറ്റ്സിൽ 38,000 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,700 പേരാണ് ഇവിടെ വൈറസ് ബാധിതരായി മരിച്ചത്.
ബോസ്റ്റൻ ഗ്ലോബിന്റെ എ 13 മുതൽ എ 28 വരെയുള്ള പേജുകളാണ് ചരമ വാർത്തകൾക്ക് മാത്രമായി മാറ്റിവച്ചത്. എന്നാൽ എല്ലാ മരണങ്ങളും കൊവിഡ് ബാധിതരുടെതല്ല. മസാച്യൂസെറ്റ്സ് സംസ്ഥാനത്തെ കൊവിഡ് മരണങ്ങൾക്കു പുറമെ കണക്ടികട്ട്, റോഡെ ഐലൻഡ്, ന്യൂ ഹാംപ്ഷെയർ, കാലിഫോർണിയ, ഫ്ളോറിഡ, മയാനെ, മേരിലാൻഡ്, മിച്ചിഗൻ, ന്യുജഴ്സി, ന്യുയോർക്ക്, നോർത്ത് കരോലിന, പെൻസിൽവാനിയ, സൗത്ത് കരോലിന, ടെക്സാസ് എന്നിവിടങ്ങളിലെയും മരണങ്ങൾ ബോസ്റ്റൻ ഗ്ലോബ് ഞായറാഴ്ച്ച എഡിഷനിൽ നൽകിയിട്ടുണ്ട്.
അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 41,000 ആണ്. 7,58,000 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർ്ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്കിൽ 18,000 പേർ മരിച്ചിട്ടുണ്ട്. മേയ് 15 വരെ ന്യൂയോർക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.
Story highlights-covid 19, American daily newspaper with 16 death pages
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here