തെലങ്കാനയിൽ ലോക്ക് ഡൗൺ മെയ് ഏഴ് വരെ നീട്ടി

കൊവിഡ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗൺ മെയ് ഏഴ് വരെ നീട്ടി തെലങ്കാന സർക്കാർ. സംസ്ഥാനത്തെ സാഹചര്യങ്ങൾ മെയ് അഞ്ചിന് സർക്കാർ പരിശോധിച്ച ശേഷം തുടർ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു.
മരുന്നു കമ്പനികളേയും അരി മില്ലുകളേയും ലോക്ക് ഡൗൺ കാലത്ത് പ്രവർത്തിക്കാൻ അനുവദിക്കും. ഒാൺലൈൻ ഭക്ഷണ വിതരണക്കാരടക്കമുള്ളവർക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ടാകില്ല. സ്വിഗ്ഗി, സൊമാറ്റോ പോലുള്ളവർ വിതരണത്തിന് ശ്രമിച്ചാൽ നടപടി ഉണ്ടാകുമെന്നും ചന്ദ്രശേഖർ റാവു മുന്നറിയിപ്പ് നൽകി.
കുടിയേറ്റ തൊഴിലാളികൾക്ക് പ്രത്യേക റേഷൻ അനുവദിക്കും. കുടുംബ സമേതം തെലങ്കാനയിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളാണെങ്കിൽ 1500 രൂപ ധന സഹായവും നൽകും. ജീവൻ അപകടത്തിലാക്കി സേവന രംഗത്തുള്ള പൊലീസുകാർക്ക് 10 ശതമാനം ശമ്പള വർധനവ് ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാനയിൽ ഇതുവരെ 858 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ മരിക്കുകയും 186 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here