എറണാകുളത്ത് ലോക്ക് ഡൗൺ നിയമലംഘനം; റൂട്ട് മാർച്ചുമായി പൊലീസ്

എറണാകുളം ജില്ലയിൽ ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ച് ആളുകൾ പുറത്തിറങ്ങിയ സാഹചര്യത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ലാൽജിയുടെ നേതൃത്വത്തിലാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസ് മാർച്ച് നടത്തിയത്. ഓറഞ്ച് ബി, പച്ച സോണിൽ ഉൾപ്പെട്ട സംസ്ഥാനത്തെ ഏഴ് ജില്ലകളിലാണ് ലോക്ക് ഡൗൺ ഇളവുകൾ. എന്നാൽ ഓറഞ്ച് എയിൽപ്പെട്ട എറണാകുളം ജില്ലയിൽ ഏപ്രിൽ 24 വരെ നിയന്ത്രണങ്ങൾ കർശനമായി തുടരും.

ഇളവുകൾ ഇന്ന് മുതലെന്ന തെറ്റിദ്ധാരണയിൽ ജനം ഇന്ന് വ്യാപകമായി തെരുവിൽ ഇറങ്ങുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ ഇടപെടൽ. അതേസമയം ജില്ലയിലെ ഹോട്ട് സ്‌പോട്ടുകളായ ചുള്ളിക്കൽ, മുളവുകാട്, കൊച്ചിൻ കോർപറേഷൻ എന്നിവിടങ്ങളിൽ ഇളവുകളില്ലാതെ ലോക്ക് ഡൗൺ തുടരും.

അതേസമയം എറണാകുളം ജില്ലയിൽ ലോക്ക് ഡൗൺ ലംഘിച്ച് നിരവധി വാഹനങ്ങൾ നിരത്തിലിറങ്ങി. കൊച്ചി മട്ടാഞ്ചേരിയിൽ ലോക്ക് ഡൗൺ ലംഘിച്ച് സൗജന്യ കിറ്റ് വിതരണത്തിനായി രജിസ്‌ട്രേഷൻ നടത്തിയ മട്ടാഞ്ചേരി സാർവജനിക്ക് സഹകരണ ബാങ്കിലെ മാനേജറും, ചെയർമാനും അറസ്റ്റിലായി. ഡെപ്യൂട്ടി ജനറൽ മാനേജർ അജിത കുമാരി, ചെയർമാൻ നവീൻ കുമാർ എന്നിവരാണ് അറസ്റ്റിലായത്. രജിസ്‌ട്രേഷനായി നൂറ് കണക്കിനാളുകൾ തടിച്ച് കൂടിയ വാർത്ത ട്വന്റിഫോർ പുറത്ത് വിട്ടതിനെ തുടർന്നാണ് പൊലീസ് നടപടി.

30000 അംഗങ്ങളുള്ള മട്ടാഞ്ചേരി സാർവ്വജനിക്ക് ബാങ്ക് സൗജന്യ കിറ്റ് വാങ്ങുന്നതിനായി മുഴുവൻ അംഗങ്ങളോടും നേരിട്ട് വന്ന് പേര് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്ന് 100 കണക്കിനാളുകൾ ലോക്ക് ഡൗൺ ലംഘിച്ച് ബാങ്കിന് മുന്നിൽ തടിച്ച് കൂടി. പൊലീസ് ആവശ്യപ്പെട്ടിട്ടും രജിസ്‌ട്രേഷൻ നിർത്തി വയ്ക്കാനോ ആളുകളെ പിടിച്ച് വിട്ടാനോ ബാങ്കധികൃതർ തയാറായില്ല.

ഇതേ തുടർന്ന് ബാങ്ക് ചെയർമാനേയും ഡെപ്യൂട്ടി ജനറൽ മാനേജരേയും പൊലീസ് അറസ്റ്റ് ചെയ്ത്, മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ച്, പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. എറണാകുളം നഗരത്തിലടക്കം ലോക്ക് ഡൗൺ ലംഘിച്ച് നിരവധി വാഹനങ്ങളാണ് ഇന്ന് നിരത്തിലിറങ്ങിയത്. പൊലീസ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ജില്ലയിൽ വലിയ രീതിയിൽ രോഗ വ്യാപനമുണ്ടാക്കും.

Story highlights-police route march in ekm city due to increase in lock down law breaking

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top