Advertisement

കണ്ണൂര്‍ ജില്ലയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി; മൂന്ന് എസ്പിമാര്‍ക്ക് ചുമതല

April 20, 2020
Google News 1 minute Read

കണ്ണൂര്‍ ജില്ലയില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി പൊലീസ്.ഐജിമാരായ വിജയ് സാഖറെ, അശോക് യാദവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം.കണ്ണൂര്‍ ജില്ലയിലെ സബ് ഡിവിഷനുകളുടെ ചുമതല മൂന്ന് എസ്പിമാര്‍ക്ക് നല്‍കി. കണ്ണൂര്‍ സബ് ഡിവിഷന്റെ ചുമതലജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയ്ക്കും തളിപ്പറമ്പില്‍ നവനീത് ശര്‍മയ്ക്കും ചുമതല നല്‍കി. അരവിന്ദ് സുകുമാറിനാണ് തലശേരി, ഇരിട്ടി സബ് ഡിവിഷനുകളുടെ ചുമതല. വില്ലേജ് അടിസ്ഥാനത്തില്‍ അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കും. പരിശോധന കര്‍ശനമാക്കാനും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും തീരുമാനിച്ചു. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ ക്വാറന്റീന്‍ ചെയ്യും. കച്ചവട സ്ഥാപനങ്ങള്‍ക്കും കടുത്ത നിയന്ത്രണമുണ്ടാകും. നിര്‍ദേശം ലംഘിച്ച് പുറത്തിറക്കുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കാനും യോഗത്തില്‍ തീരുമാനമായി

ജില്ലയില്‍ ആറ് പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച മാടായി, ഇരിവേരി, വേളാപുരം, ചെറുവാഞ്ചേരി, കുന്നോത്തുപറമ്പ് സ്വദേശികളായ അഞ്ചു പേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. പെരളശേരി സ്വദേശിനിക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധയുണ്ടായി. ദുബായില്‍ നിന്നെത്തിയവര്‍ക്ക് ഒരു മാസത്തിന് ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 19ന് ഐഎക്‌സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് മാടായി സ്വദേശിയായ 22 കാരന്‍ നാട്ടിലെത്തിയത്. ഇരിവേരി സ്വദേശിയായ 25 കാരന്‍ മാര്‍ച്ച് 20ന് ഇകെ 532 വിമാനത്തില്‍ നെടുമ്പാശേരി വഴിയെത്തി. ബാക്കി മൂന്നു പേരും മാര്‍ച്ച് 22ന് നാട്ടിലെത്തിയവരാണ്. ഇവരില്‍ വേളാപുരം സ്വദേശി 36കാരന്‍ ദുബൈയില്‍ നിന്ന് ഇകെ 568 വിമാനത്തില്‍ ബെംഗളൂരുവിലെത്തിയ ശേഷം അവിടെ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തി. ചെറുവാഞ്ചേരി സ്വദേശി 27കാരനും കുന്നോത്ത് പറമ്പ് സ്വദേശിയായ 27കാരനും അബുദാബിയില്‍ നിന്നുള്ള ഇവൈ 254 വിമാനത്തില്‍ കരിപ്പൂര്‍ വഴിയാണ് നാട്ടിലെത്തിയത്. പെരളശേരി സ്വദേശിയായ 34കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായിരിക്കുന്നത്.ഇതോടെ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 94 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 5133 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 401 സാംപിളുകളുടെ ഫലം ലഭിക്കാനുമുണ്ട്.

Story Highlights: coronavirus, kannur,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here