Advertisement

മത്സ്യ തൊഴിലാളി നേതാവ് സികെ മജീദ് ഇനി ആറ് പേരിലൂടെ ജീവിക്കും

April 21, 2020
1 minute Read

മത്സ്യ തൊഴിലാളി നേതാവും മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ സികെ മജീദ് (54) ഇനി ആറ് പേരിലൂടെ ജീവിക്കും. റോഡപകടത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മജീദ് മസ്തിഷ്‌ക മരണമടഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സന്നദ്ധരാകുകയായിരുന്നു. കരള്‍, വൃക്ക, കണ്ണുകള്‍, ഹൃദയ വാല്‍വുകള്‍ എന്നിവയാണ് മറ്റുള്ളവര്‍ക്കായി നല്‍കിയത്. വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും കരള്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയ വാല്‍വുകള്‍ ശ്രീ ചിത്രയ്ക്കും കോര്‍ണിയ ഗവ. കണ്ണാശുപത്രിയ്ക്കുമാണ് നല്‍കിയത്.

അതീവ വേദനയിലും അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധരായ കുടുംബത്തെ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആദരവറിയിച്ചു. ‘ ജനങ്ങള്‍ക്കായി ജീവിച്ചയാളാണ് മജീദ്. അവരുടെ കുടുംബത്തിന്റെ നന്മയിലൂടെ മജീദിന് മരണമില്ല. എക്കാലവും മജീദിനെ കേരളമോര്‍ക്കുന്നും’ മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

സികെ മജീദ് സിപിഐഎം ലോക്കല്‍ കമ്മിറ്റി അംഗവും മത്സ്യതൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ സെക്രട്ടറിയും കൂടിയാണ്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മയുമായുള്ള ഔദ്യോഗിക ചര്‍ച്ചയ്ക്കായാണ് ഏപ്രില്‍ 16ന് മജീദ് തിരുവനന്തപുരത്തെത്തിയത്. ലോക്ക്ഡൗണ്‍ സമയത്ത് മത്സ്യതൊഴിലാളികളനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയിച്ച് ഇളവ് നേടുകയായിരുന്നു ലക്ഷ്യം.
ചര്‍ച്ച കഴിഞ്ഞുള്ള യാത്രയില്‍ തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ മജീദ് ഉള്‍പ്പെടെയുള്ളവരെ ഉടന്‍തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. ജീവന്‍ രക്ഷിക്കാനുള്ള എല്ലാ പരിശ്രമങ്ങളും ഡോക്ടര്‍മാര്‍ നടത്തിയെങ്കിലും ഇന്നലെ മസ്തിഷ്‌ക മരണമടയുകയായിരുന്നു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി രാത്രി 10.07ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും മുന്നോട്ട് വരികയായിരുന്നു.

Story Highlights: CK Majeed, organ donation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top