കുളത്തൂപ്പുഴ പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി

കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണമായും സീൽ ചെയ്തു. തെന്മല , ആര്യങ്കാവ് പഞ്ചായത്തുകളിലും മെയ് മൂന്ന് വരെ സമ്പൂർണ ലോക്ക്ഡൗൺ തുടരും. അതിർത്തി ജില്ലയായ തെങ്കാശിയിൽ കൊവിഡ് പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നത്.

കുളത്തൂപ്പുഴയുടെ അതിർത്തി പ്രദേശമായ തമിഴ്നാട് പുളിയൻ കുടിയിൽ കൊവിഡ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്ത് സീൽ ചെയ്തത്. മന്ത്രി കെ.രാജുവിൻ്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഏപ്രിൽ 24 മുതൽ ജില്ലയിൽ ഇളവുകൾ ആരംഭിക്കുമെങ്കിലും കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ മെയ് 3 വരെ ലോക്ക്ഡൗൺ തുടരും. ആവശ്യമെങ്കിൽ പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിക്കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു.

കാട്ടുപാതകളിലൂടെ യാത്ര പൂർണമായും അവസാനിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. ഇത് സംബന്ധിച്ച നിർദേശം ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. ദേശീയ പാത വഴിയുള്ള മുഴുവൻ ഗതാഗതവും നിർത്തിവെക്കും. ചരക്ക് ഗതാഗതം, ആശുപത്രി ആവശ്യം എന്നിവയ്ക്ക് മാത്രയാകും ഇളവുകൾ. പുളിയൻകുടിയിൽ മരണാനന്തര ചടങ്ങിന് പോയ കുളത്തൂപ്പുഴ സ്വദേശിയായ ഒരാൾ രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.

Story Highlights:coronavirus, kollam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top