പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സഹായി കോട്ടയത്ത് വന്നതായി കണ്ടെത്തി; 17 പേർ നിരീക്ഷണത്തിൽ

പാലക്കാട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവറുടെ സഹായി കോട്ടയത്ത് വന്നതായി കണ്ടെത്തി. പഴവുമായി എത്തിയ ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട പതിനേഴ് പേരെ നിരീക്ഷണത്തിലാക്കി. മാർക്കറ്റിൽ ലോഡ് ഇറക്കിയ പഴക്കട ആരോഗ്യ വകുപ്പ് അടപ്പിച്ചു.
തമിഴ്നാട്ടിൽ നിന്ന് ലോഡുമായി എത്തുന്നതിനിടെയാണ് അമിത ശരീരോഷ്മാവ് കാണിച്ചതിനെ തുടർന്ന് ഡ്രൈവർ നിരീക്ഷണത്തിലായത്. പിന്നീട് ഇയാളുടെ സാമ്പിൾ പരിശോധനാ ഫലം പോസിറ്റീവായി. ഇതേ തുടർന്നാണ് സഹായിയുടെ റൂട്ട് മാപ്പ് പരിശോധിച്ചത്. 20ന് കോട്ടയത്ത് എത്തി മടങ്ങവേ, എറണാകുളത്ത് വച്ച് ഇയാളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് എടുത്തിരുന്നു. തുടർന്ന് പാലക്കാട് എത്തിയ ഇയാൾ നിരീക്ഷണത്തിൽ തുടരുകയാണ്.
അതേ സമയം, പാലക്കാട്ട് ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേരിൽ മൂന്ന് പേരുടെ റൂട്ട് മാപ്പ് തയാറാക്കുന്നതിൽ ആശയക്കുഴപ്പം തുടരുന്നു. വിളയൂർ സ്വദേശിയുടേയും തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലെത്തിയ കുഴൽമന്ദം സ്വദേശിയായ ലോറി ഡ്രൈവറുടേയും കല്ലടിക്കോട് നിന്ന് പിടിച്ച തമിഴ്‌നാട്ടിൽ നിന്നെത്തിയ യുവാവിന്റെയും സമ്പർക്ക പട്ടികയും റൂട്ട് മാപ്പ് തയാറാക്കുന്നതിലാണ് അവ്യക്തത.
ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുന്നില്ല എന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. സുരക്ഷ മുൻകരുതലിന്റെ ഭാഗമായി കൊപ്പത്തെ സഹകരണ ബാങ്കിന്റെ നടുവട്ടം ശാഖയും കുഴൽമന്ദം പ്രാഥമിക ആരോഗ്യ കേന്ദ്രവും തത്കാലികമായി അടച്ചു. അണുവിമുക്തമാക്കിയ ശേഷം തുറക്കാനാണ് തീരുമാനം. അതിർത്തിയിലടക്കം പൊലീസ് കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
Story Highlights: 17 people in quarantine kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here