തിരുവനന്തപുരം നഗരത്തിൽ ഇന്നും വൻ വാഹന തിരക്ക്; കളിയിക്കാവിളയിലും ജില്ലാ അതിർത്തികളിലും കർശന നിയന്ത്രണം

തിരുവനന്തപുരം നഗരത്തിൽ കർശന നിയന്ത്രണമേർപ്പെടുത്തി മൂന്നാം ദിവസവും നഗരാതിർത്തികളിൽ വൻ വാഹന തിരക്ക്.അനാവശ്യ ആവശ്യങ്ങൾ പറഞ്ഞ് നിരത്തുകളിലെത്തിയവരെ പൊലീസ് മടക്കി അയച്ചു. സംസ്ഥാന അതിർത്തിയായ കളിയിക്കാവിളയിലും ജില്ലാ അതിർത്തികളിലും കർശന നിയന്ത്രണം. ആൾക്കൂട്ടമുണ്ടോയെന്നറിയാൻ പൊലീസ് ഡ്രോൺ പരിശോധന നടത്തി.
ഓറഞ്ച് ബി വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾക്ക്, മൂന്ന് ദിവസം മുമ്പാണ് ഇളവ് ഏർപ്പെടുത്തിയത്. എന്നാൽ, നഗരസഭയടക്കം മൂന്ന് പ്രദേശങ്ങൾ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചതിനാൽ ഇളവുകൾ ജില്ലയിലുടനീളം പ്രാവർത്തികമാക്കാൻ സാധിച്ചില്ല. ഈ ആശയക്കുഴപ്പമാണ് നിലവിൽ ഹോട്ട് സ്‌പോട്ടായ നഗരത്തിലേക്ക് ജനങ്ങൾ കൂട്ടമായി എത്തുന്നതിന് കാരണം. നഗരാതിർത്തികളിൽ ഇന്നും രാവിലെ മുതൽ വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണപ്പെട്ടു.
മാസ്‌ക്ക് ധരിക്കാതെ എത്തിയവരേയും മതിയായ രേഖകളില്ലാതെ വന്നവരെയും പൊലീസ് തിരിച്ചയച്ചു. ഇരുചക്ര വാഹനങ്ങളിൽ ഒരാളും കാറുകളിൽ മൂന്നു പേരും യാത്ര ചെയ്യണമെന്നനിർദേശവും പാലിക്കപ്പെട്ടില്ല.അവശ്യ സർവീസുകൾ മാത്രമാണ് പൊലീസ് കടത്തിവിട്ടത്. ഇടറോഡുകളിലും, വീടുകൾക്ക് സമീപത്തും മറ്റും ആളുകൾ കൂടിയിരിക്കുന്നുണ്ടോയെന്ന് അറിയുന്നതിന് പൊലീസ് ഡ്രോൺ പരിശോധന നടത്തി.
വലയം ഭേദിച്ച് പോക്കറ്റ് റോഡുകളിലൂടെ ആളുകൾ കടക്കുന്നത്പൊലീസിന് തലവേദന ആയിട്ടുണ്ട്.തമിഴ്‌നാട്ടിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ പരിശോധന കർശനമാക്കി. അടിയന്തര സർവീസുകൾ അല്ലാത്തവയെ ജില്ലാ അതിർത്തി കടക്കാനും അനുവദിച്ചില്ല.
Story highlight: heavytraffic in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here