Advertisement

സ്പ്രിംക്ലർ ഇടപാട്: അന്വേഷണമാവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍

April 22, 2020
1 minute Read

സ്പ്രിംക്ലര്‍ ഇടപാടില്‍ അന്വേഷണമാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍. സ്പ്രിംക്ലര്‍ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ആവശ്യം. കരാര്‍ റദ്ദ് ചെയ്യണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

വിവാദ ഇടപാടിലൂടെ ഡാറ്റാ കച്ചവടത്തിന് ശ്രമം നടന്നതായി ആരോപിച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഐടി നിയമത്തിന്റെ നഗ്നമായ ലംഘനമാണ് കരാറിലൂടെ ഉണ്ടായിരിക്കുന്നത്. 2011 ലെ ഐടി ചട്ടപ്രകാരം സെൻസിറ്റീവ് രേഖകൾ സൂക്ഷിക്കുന്നതിൽ വീഴ്ച്ച പറ്റി. 2014ൽ ഇ ഹെൽത്ത് പദ്ധതിയിലൂടെ ശേഖരിച്ച 1.5 കോടി മെഡിക്കൽ വിവരങ്ങൾ വിദേശ കമ്പനിക്ക് കൈമാറാൻ സാധ്യതയുണ്ട്. പ്രമുഖരായ പല വ്യക്തികളുടെയും വിവരങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിലൂടെ വ്യക്തികള്‍ക്കും സംസ്ഥാനത്തിനും അത് ഭീഷണിയാകും. ഇക്കാരണത്താല്‍ കരാര്‍ റദ്ദാക്കണമെന്നും വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിടണമെന്നും കെ സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

കഴിഞ്ഞ ദിവസം സ്പ്രിംക്ലര്‍ കരാറുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേ കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഡാറ്റാ ശേഖരണത്തില്‍ ആശങ്കയുണ്ടന്ന് പറഞ്ഞ കോടതി ഡാറ്റാ ചോര്‍ച്ചയുണ്ടായാല്‍ സര്‍ക്കാര്‍ ഉത്തരവാദിയായിരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

സ്പ്രിംക്ലർ ഇടപാടിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ചുള്ള സിപിഎം നിലപാട് പരിതാപകരമെന്ന് നേരത്തെ സുരേന്ദ്രൻ വിമർശിച്ചിരുന്നു. മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടാൻ സിപിഎം തയ്യാറാകാത്തത് ലജ്ജാകരമാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം പൊളിറ്റ് ബ്യൂറോ അംഗങ്ങൾക്ക് മുഖ്യമന്ത്രിയെ ഭയമാണോയെന്നും ചോദിച്ചു.

സർക്കാർ നിയോഗിച്ച അന്വേഷണ സമിതി തട്ടിപ്പാണ്. ഡേറ്റ സുരക്ഷിതത്വം സംബന്ധിച്ച കേന്ദ്ര സർക്കാരിൻ്റെ മാർഗനിർദ്ദേശങ്ങളെ അട്ടിമറിച്ചാണ് സർക്കാർ മുന്നാട്ട് പോകുന്നത്. ഇതിനെ നിയമപരമായി നേരിടും. സ്പ്രിംക്ലർ ഇടപാട് സംബന്ധിച്ച ഹൈക്കോടതിയിലെ ഹർജിയിൽ ബിജെപി കക്ഷി ചേരുമെന്നും കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.

Story highlights-k surendran appeal in high court over sprinklr deal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top