Advertisement

കോട്ടയം ജില്ലയിലെ മഴക്കാലപൂര്‍വ ശുചീകരണം; മാര്‍​ഗനിര്‍ദേശങ്ങളായി

April 22, 2020
Google News 1 minute Read

കോട്ടയം ജില്ലയിൽ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഊര്‍ജിതമാക്കുന്നതിനും ഓരോ വീടും സ്ഥാപനവും മാലിന്യ മുക്തമാണെന്ന് ഉറപ്പുവരുത്താനും ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു.

കൊവിഡ് പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗൃഹസന്ദര്‍ശനത്തിലൂടെ ശുചീകരണം നടത്തുന്നു എന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു നിര്‍ദേശിച്ചു. ശുചീകരണവുമായി ബന്ധപ്പെട്ട മാര്‍​ഗനിര്‍ദേശങ്ങള്‍ക്ക് യോഗം അന്തിമ രൂപം നല്‍കി.

ഡിഎംഒ ജേക്കബ് വര്‍​ഗീസ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഫിലിപ്പ് ജോസഫ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ഹരിതകേരളം കോ-ഓര്‍ഡിനേറ്റര്‍ പി. രമേശ്, ക്ലീന്‍ കേരള കമ്പനി അസിസ്റ്റന്‍റ് മാനേജര്‍ ബിനോയ്, വിവിധ വകുപ്പ് മേധാവികള്‍, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ തലത്തില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍

1. തദ്ദേശ സ്ഥാപനങ്ങളില്‍ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ച് വകുപ്പ്തല ഉദ്യോഗസ്ഥര്‍ കൂടിയാലോചിച്ച് ഓരോ വാര്‍ഡിനും അനിവാര്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണം.

2. ഞായറാഴ്ചകളില്‍ ഡ്രൈ ഡേ ആചരിക്കണം.

3. നിലവില്‍ മാലിന്യ പ്രശ്നങ്ങളുള്ളതും മലിനീകരണ സാധ്യതയുള്ളതുമായ സ്ഥലങ്ങൾ ഹോട്ട്സ്പോട്ടുകളായി കണ്ടെത്തി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ ഉത്തരവാദിത്വത്തില്‍ ശുചീകരിക്കണം.

4. ലോക്ക്ഡൗണ്‍ കാലത്ത് വീടുകള്‍ക്കും പരിസരങ്ങള്‍ക്കും പുറമെ കമ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളും ശുചീകരിക്കണം.

5. അജൈവ മാലിന്യങ്ങള്‍ കൃത്യമായി തരംതിരിച്ച് വൃത്തിയാക്കി ഉണക്കി ചാക്കുകളില്‍ സൂക്ഷിക്കണം. ഹരിതകര്‍മസേന എത്തുമ്പോള്‍ ഇവ കൈമാറാം.

6. എംസിഎഫുകളിലും ആര്‍ആര്‍എഫുകളിലും അജൈവമാലിന്യങ്ങള്‍ നിറഞ്ഞിട്ടുള്ള തദ്ദേശ സ്ഥാപനങ്ങള്‍ അവ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ നീക്കം ചെയ്യണം.

7. അതിഥി തൊഴിലാളികള്‍ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പിന്‍റെ സഹകരണത്തോടെ ശുചിത്വം ഉറപ്പാക്കണം.

8. നിര്‍മാണ ഘട്ടത്തിലുള്ള കെട്ടിടങ്ങളിലും പരിസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കണം.

9. കരയ്ക്കു കയറ്റിവച്ചിരിക്കുന്ന വള്ളങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നില്ലെന്ന് ഫിഷറീസ് വകുപ്പ് ഉറപ്പ് വരുത്തണം.

10. പൊതുഇടങ്ങള്‍, മാര്‍ക്കറ്റുകള്‍, ഓടകള്‍ എന്നിവ കൃത്യമായ ഇടവേളകളില്‍ ആവശ്യമായ രോഗപ്രതിരോധ മുന്‍കരുതല്‍ ഉറപ്പ് വരുത്തി ശുചീകരിക്കണം.

11. കൊതുക്, എലി എന്നിവയുടെ പ്രജനന സാധ്യത കൂടിയ സ്ഥലങ്ങള്‍ കണ്ടെത്തി ഉറവിട നശീകരണം ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം.

12. റബര്‍ തോട്ടങ്ങളില്‍ ചിരട്ടകള്‍, ഉപേക്ഷിച്ച ഷെയ്ഡ്, പ്ലാസ്റ്റിക്, ഇലകള്‍ എന്നിവയില്‍ വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉടമകള്‍ ഉറപ്പാക്കണം. തോട്ടങ്ങളിലെ കുറ്റിക്കാടുകള്‍ വെട്ടി വൃത്തിയാക്കണം.

13. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ ഇറങ്ങി ജോലിയെടുക്കുന്നവര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സംബന്ധിച്ച് ബോധവത്ക്കരണം നടത്തണം. ആരോഗ്യ വകുപ്പ് മുഖേന ഇവര്‍ക്ക് ഡോക്സി സൈക്ലീന്‍ ഗുളികകള്‍ ലഭ്യമാക്കണം. ജലസ്രോതസുകള്‍ ശുചീകരിക്കുന്നതിനുള്ള ബ്ലീച്ചിംഗ് പൗഡര്‍ വീടുകളില്‍ നല്‍കണം. പൊതുകിണറുകള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ശുചീകരിക്കണം.

14. കൃഷി വകുപ്പിന്‍റെ സഹകരണത്തോടെ കര്‍ഷകര്‍ക്ക് എലിനശീകരണത്തിനുള്ള മരുന്നുകള്‍ നല്‍കണം.

Story Highlights: kottayam, Rain,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here