തിരുവനന്തപുരത്തെ മെഡിക്കൽ കോളജ് ജീവനക്കാരിൽ നിന്ന് യാത്രാ ഫീസ് ഈടാക്കില്ല: കെ കെ ശൈലജ

തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരിൽ നിന്ന് യാത്രാ ഫീസ് ഈടാക്കില്ലെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. യാത്രാ ഫീസ് ഈടാക്കാതെ ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടിൽ നിന്ന് എടുക്കണം. ആരോഗ്യപ്രവർത്തകരിൽ നിന്ന് യാത്രാ കൂലിയായി അഞ്ച് ദിവസത്തേക്ക് 750 രൂപ ഈടാക്കുന്നത് വിവാദമായതിന് പിന്നാലെയാണ് ആരോഗ്യ മന്ത്രിയുടെ ഇടപെടൽ.
ലോക്ക് ഡൗൺ ആരംഭിച്ചത് മുതൽ ആരോഗ്യപ്രവർത്തകരെ ആശുപത്രികളിൽ എത്തിക്കാനും മടക്കി കൊണ്ടുപോകാനും 14 കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. മെഡിക്കൽ കോളജിന് പുറമെ ജനറൽ ആശുപത്രി, ആർ സി സി എന്നിവിടങ്ങളിലെ ജീവനക്കാരും ഇതിലായിരുന്നു യാത്ര ചെയ്തിരുന്നത്. എന്നാൽ ജീവനക്കാരെ സൗജന്യമായി ഏത്തിക്കാൻ ഏർപ്പെടുത്തിയിരുന്ന കെഎസ്ആർടിസി ബസുകൾ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് വേണ്ടെന്ന് വച്ച് സ്വകാര്യ ബസുകള്‍ ക്രമീകരിച്ചു. ഇതിന് പിന്നാലെയാണ് ജീവനക്കാരിൽ നിന്ന് യാത്രയ്ക്ക് പണം ഈടാക്കാൻ തീരുമാനിച്ചത്. ഒരു ദിവസം 150 രൂപ വീതം അഞ്ച് ദിവസത്തേക്ക് 750 രൂപ അടയ്ക്കണമെന്നായിരുന്നു മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ നിർദേശം. ആശുപത്രിക്ക് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർ സ്വന്തം വാഹനങ്ങളിൽ വരണമെന്നും നിർദേശമുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി തന്നെ നേരിട്ട് പ്രശ്നത്തിൽ ഇടപെട്ടു. ആരോഗ്യപ്രവർത്തകർക്ക് യാത്ര ഫീസ് ഈടാക്കാൻ പാടില്ലെന്നും യാത്രയ്ക്ക് ചെലവാകുന്ന തുക ആശുപത്രി വികസന ഫണ്ടിൽ നിന്ന് എടുക്കണമെന്നും ആരോഗ്യമന്ത്രി മെഡിക്കൽ കോളജ് സൂപ്രണ്ടിന് നിർദേശം നൽകി. മെഡിക്കൽ കോളജിലടക്കം പരമാവധി ജീവനക്കാർക്ക് താമസത്തിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
Story highlights-no travel charge for medical college workers k k shailaja
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here