രണ്ടുവര്‍ഷത്തിനുള്ളില്‍ 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി; 14.72 മെട്രിക് ടണ്‍ പച്ചക്കറി ഉത്പാദനം: കാർഷികമേഖലയിൽ സമ​ഗ്രമാറ്റം ആവശ്യമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിസന്ധി കേരളത്തിലെ കാര്‍ഷിക വര്‍ധനയ്ക്കും കാര്‍ഷിക വിപണന സംവിധാനം പരിഷ്കരിക്കുന്നതിനുമുള്ള പാഠമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്‍ഷികമേഖലയില്‍ സമഗ്രമായ ഭാവി തന്ത്രം ആവിഷ്കരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും യോജിച്ചുള്ള പദ്ധതികളാണ് ഇതിനായി ആവിഷ്കരിക്കുക. ഒരിടത്തും ഭൂമി തരിശിടില്ല എന്നതാണ് ഇനി നാം അനുവര്‍ത്തിക്കുന്ന നയം. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ 25,000 ഹെക്ടര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താനുള്ള പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നെല്‍കൃഷി വ്യാപകമാക്കുന്നതിനൊപ്പം മറ്റ് ധാന്യങ്ങളുടെയും പയര്‍ വര്‍ഗങ്ങളുടെയും കൃഷിക്ക് പ്രോത്സാഹനം നല്‍കും. കിഴങ്ങുവര്‍ഗങ്ങള്‍ ഒരു ഘട്ടത്തില്‍ നമ്മുടെ നാട്ടിന്‍പുറത്ത് നന്നായി കൃഷി ചെയ്തിരുന്നു. അത്തരമൊരു അവസ്ഥ തിരിച്ചുകൊണ്ടുവരും. സാമ്പ്രദായികമായി കൃഷിചെയ്യുന്ന വിളകള്‍ക്കൊപ്പം ഫലവര്‍ഗങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കും. സംസ്ഥാനത്തിന്‍റെ പച്ചക്കറി ഉത്പാദനത്തില്‍ ഇനിയും വര്‍ധന വേണ്ടതുണ്ട്. 20 ലക്ഷം മെട്രിക് ടണ്‍ പച്ചക്കറിയാണ് നമുക്ക് ആവശ്യമുള്ളത്. ഈ വര്‍ഷം ഉല്‍പാദനലക്ഷ്യം 14.72 മെട്രിക് ടണ്‍ ആണ്.

ഉത്പന്നവര്‍ധന മാത്രമല്ല, സമൂഹത്തിന്‍റെ പൊതുവായ പുരോഗതിയും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പരിഗണനയാണ്. യുവാക്കളെ ഈ മേഖലയിലേക്ക് കൂടുതലായി ആകര്‍ഷിക്കും. യുവാക്കളുടെ കഴിവും ബുദ്ധിയും കൃഷിക്കുവേണ്ടി ഉപയോഗിക്കാനും അതിന് തക്ക പ്രതിഫലം നല്‍കുന്ന സ്ഥിതി ഉണ്ടാക്കാനുമാണ് ശ്രമിക്കുക. കാര്‍ഷികവൃത്തിയുടെ യന്ത്രവല്‍ക്കരണത്തിനും കാര്‍ഷിക സങ്കേതങ്ങളുടെ നവീകരണത്തിനും ഊന്നല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: Cm Pinarayi Vijayan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top