‘സ്പ്രിംക്ലറിൽ വിവരങ്ങൾ നൽകുന്നത് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി രമേശ് ചെന്നിത്തല

സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ. സ്പ്രിംക്ലറിൽ വിവരങ്ങൾ നൽകുന്നത് തടയണമെന്നും നിലവിൽ ഡാറ്റ നൽകിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും ഹർജിയിലുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും സമാന വിഷയത്തിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.

പൗരന്റെ സ്വകാര്യത, കരാറിലെ കൃത്യതയില്ലാത്ത വ്യവസ്ഥകൾ തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ സമീപിച്ചത്. സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്ന് അഭ്യർത്ഥിക്കുന്ന ഹർജിയിൽ നിലവിൽ ഡാറ്റ നൽകിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും മുഖ്യമന്ത്രി, ഐടി സെക്രട്ടറി എന്നിവരിൽ നിന്ന് തുക ഈടാക്കണമെന്നും ആവശ്യപ്പെടുന്നു. കരാർ റദ്ദാക്കണമെന്നും കേസ് വിജിലൻസിന് വിടാൻ ഉത്തരവിടണമെന്നും ആവശ്യപ്പെട്ടാണ് കെ സുരേന്ദ്രൻ കോടതിയെ സമീപിച്ചത്.

അതിനിടെ വിവാദം അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച സമിതി അംഗങ്ങൾ സ്വകാര്യ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നവരാണെന്ന ആരോപണവുമായി പി ടി തോമസ് രംഗത്തെത്തി. മുഖ്യമന്ത്രിയുടെ മകൾക്ക് സ്പ്രിംക്ലർ സിഇഒയുമായി അടുത്ത ബന്ധമുണ്ടെന്ന് എൽദോസ് കുന്നപ്പള്ളിയും കരാർ സിബിഐ അന്വേഷിക്കണമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബഹനാനും ആവശ്യപ്പെട്ടു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top