Advertisement

സ്പ്രിംക്‌ളർ വിവാദം അന്വേഷിക്കേണ്ടത് വിജിലൻസോ സിബിഐയോ?; ബിജെപിയിൽ തർക്കം

April 23, 2020
1 minute Read

ബിജെപിയിൽ വീണ്ടും ഗ്രൂപ്പ് പോര്. സ്പ്രിംക്‌ളർ ഇടപാടിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചതാണ് പുതിയ കാരണം. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നിയമ നടപടിയുമായി മുന്നോട്ട് പോകുന്ന സംസ്ഥാന അധ്യക്ഷന്റെ നിലപാട് തള്ളി ജനറൽ സെക്രട്ടറി എം ടി രമേശ് രംഗത്തെത്തി.

സിബിഐ അന്വേഷണം അല്ലാതെ മറ്റെന്താണ് അഭികാമ്യം എന്ന ചോദ്യവുമായി ഫേസ്ബുക്ക് വഴിയാണ് എം ടി രമേശ് ഭിന്നത വ്യക്തമാക്കിയത്. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികൾ കണ്ടെത്താൻ ഇന്ന് നമ്മുടെ രാജ്യത്ത് സിബിഐക്കും എൻഐഎയ്ക്കും മാത്രമാണ് ശേഷിയുള്ളത്. അതിനാലാണ് ഈ ഇടപാടിനെപ്പറ്റി സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെടുന്നത്. ചികിത്സയ്ക്കായി പിണറായി വിജയൻ നടത്തിയ അമേരിക്കൻ യാത്രകൾ ഫലത്തിൽ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചിരിക്കുകയാണ്. ഇതിനുള്ള ചികിത്സയാണ് ഇനി വേണ്ടത്. പിണറായിയുടെ രോഗം ഭേദമായപ്പോൾ സംസ്ഥാനം രോഗക്കിടക്കയിൽ ആയിരിക്കുകയാണ്. ഇതിനുള്ള മരുന്ന് സിബിഐ തന്നെ കണ്ടെത്തട്ടെ. മറ്റേത് ചികിത്സാ രീതിയും ‘ഓപ്പറേഷൻ വിജയകരം; രോഗി മരിച്ചു’ എന്ന അവസ്ഥയിലേ ആകൂവെന്ന് എംടി രമേശ് കുറിച്ചു. രാജ്യാന്തര ബന്ധമുള്ള കരാർ വിശദാംശങ്ങൾ അന്വേഷിക്കാൻ സിബിഐ തന്നെ വേണമെന്നാണ് എംടി രമേശ് പറയുന്നത്.

അതേസമയം കരാറിലെ അഴിമതിയെ കുറിച്ചാണ് അന്വേഷണം വേണ്ടതെന്നും അതിനാലാണ് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതെന്നുമാണ് കെ സുരേന്ദ്രൻ പക്ഷം വിശദീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലും സിബിഐ അന്വേഷണം ആവശ്യപ്പെടുന്നില്ല. അത് കോടതിയിൽ നിൽക്കില്ലെന്ന തിരിച്ചറിവ് കൊണ്ടാണെന്നും അവർ വ്യക്തമാക്കുന്നു.

 

bjp, sprinkler, mt ramesh, k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top