സ്പ്രിംക്ലർ ഇടപാട്: ഹൈക്കോടതിയിൽ വീണ്ടും ഹർജി

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനാണ് കക്ഷി ചേര്‍ന്നത്. വിദേശത്ത് നിന്നെത്തിയ മകള്‍ നിരീക്ഷണത്തിലായിരുന്നപ്പോള്‍ വിവരശേഖരണം നടന്നു. ഇതില്‍ ആശങ്കയുണ്ട്. വിവരങ്ങള്‍ വിദേശ ഏജന്‍സി ദുരുപയോഗം ചെയ്യുമെന്ന് സംശയിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് സി ആർ നീലകണ്ഠൻ ഉൾപ്പെടെ നാല് പേരാണ് ഹർജി സമർപ്പിച്ചത്. അബ്ദുൾ ജബ്ബാറുദ്ദീൻ എന്നയാളാണ് ആദ്യം ഹർജി നൽകിയത്. സ്വകാര്യ ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയും ഐടി വകുപ്പും പ്രവർത്തിച്ചുവെന്ന് ഹർജിക്കാരൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ബാലു ഗോപാലകൃഷ്ണൻ എന്നയാളും ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാർ യു. എസ് കമ്പനിയുടെ സേവനം ഉപയോഗിച്ചതിൽ ദുരൂഹതയുണ്ടെന്നാരോപിച്ചായിരുന്നു ഇദ്ദേഹം ഹർജി നൽകിയത്. തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഹൈക്കോടതിയിൽ ഹർജി നൽകി. സ്പ്രിംക്ലറിൽ വിവരങ്ങൾ നൽകുന്നത് തടയണമെന്നും നിലവിൽ ഡാറ്റ നൽകിയവർക്ക് നഷ്ടപരിഹാരം നൽകണമെന്നും രമേശ് ചെന്നിത്തല ഹർജിയിൽ ആവശ്യപ്പെട്ടു.

അതിനിടെ സ്പ്രിംക്ലർ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി. സുപ്രിംകോടതി അഭിഭാഷകനായ കോശി ജേക്കബാണ് പരാതി നൽകിയത്. ആഗോള ടെൻഡർ വിളിച്ചില്ലെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ ആരോപിച്ചു.

Story highlights-c r neelakandan, sprinklr deal,  Highcourt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top