കെ.ടി ജലീൽ ‘യമ്മി’യിൽ എത്തിയ ഫോട്ടോ പങ്കുവെച്ച് പി.കെ ഫിറോസ്; ഷോപ്പ് ഫിറോസിൻറേതെന്ന് സമ്മതിച്ചതിന് നന്ദിയെന്ന് ജലീലിന്റെ മറുപടി

മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിന് മറുപടിയുമായി മുന്‍ മന്ത്രി കെ ടി ജലീല്‍. പട്ടാമ്പിക്കടുത്തെ കൊപ്പത്തെ യമ്മി ചിക്കൻ ഷോപ്പ് പി കെ ഫിറോസിന്റേതാണെന്ന് സമ്മതിച്ചതിന് ഒരായിരം നന്ദിയെന്ന് ജലീല്‍ പറഞ്ഞു. തിരുനാവായക്കാരന്‍ വെള്ളടത്ത് മുഹമ്മദ് അഷ്‌റഫ് സ്വന്തം ബിനാമിയാണെന്ന് അംഗീകരിച്ചതിനും ഫിറോസിന് നന്ദി പറയുന്നതായി ജലീല്‍ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. കഴിഞ്ഞ ദിവസം ജലീൽ നടത്തിയ വാർത്താസമ്മേളനത്തിൽ കൊപ്പത്തെ ‘യമ്മി’ ഷോപ്പിൽ ഫിറോസിന് ഷെയറുണ്ട് എന്ന് പറഞ്ഞിരുന്നു. അവിടത്തെ യൂത്ത് ലീഗുകാരാണ് തന്നോട് ഇക്കാര്യം വെളിപ്പെടുത്തിയത് എന്നായിരുന്നു ജലീൽ പറഞ്ഞത്.
‘കത്വ-ഉന്നാവോ പെണ്‍കുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. ‘ദോതി ചാലഞ്ചില്‍’ പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നില്‍ക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു’, എന്ന് പറഞ്ഞാണ് കെ ടി ജലീല്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം ജലീല്‍ യമ്മി ഫ്രൈഡ് ചിക്കനില്‍ നിന്നും ഭക്ഷണം കഴിച്ച ചിത്രം പങ്കുവെച്ച് ഫിറോസ് നന്ദി അറിയിച്ച് പോസ്റ്റ് പങ്കുവച്ചിരുന്നു. ‘നന്ദി, വന്നതിനും, ഭക്ഷണം കഴിച്ച് അഭിപ്രായം അറിയിച്ചതിനും. ബിസിനസില്‍ രാഷ്ട്രീയമില്ല, രാഷ്ട്രീയത്തില്‍ ബിസിനസും’, എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
അതേസമയം മുസ്‌ലിം ലീഗിന്റെ സെയില്‍സ് മാനേജരാണ് പി കെ ഫിറോസെന്നും പാര്‍ട്ടി പദ്ധതികളുടെ മറവില്‍ വന്‍ സാമ്പത്തിക തിരിമറിയാണ് ഫിറോസ് നടത്തുന്നതെന്നുമായിരുന്നു കെ ടി ജലീലിന്റെ ആരോപണം. ദോത്തി ചലഞ്ചെന്ന പേരില്‍ 200 രൂപ പോലുമില്ലാത്ത മുണ്ട് അറുനൂറിലധികം രൂപയ്ക്കാണ് യൂത്ത് ലീഗ് നേതാക്കള്‍ വാങ്ങിയതെന്നും വന്‍തട്ടിപ്പാണ് അന്ന് നടന്നതെന്നും കെ ടി ജലീല്‍ ആരോപിച്ചിരുന്നു.
Story Highlights : k t jaleel replyto youth league leader p k firos
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here