‘വൈദ്യുതിയില്ല, മോശം ഭക്ഷണവും വൃത്തിഹീനമായ താമസ സ്ഥലവും’; വീഡിയോകൾ പുറത്തു വിട്ട് യുപിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ

ഉത്തർപ്രദേശ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി യുപിയിൽ കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാരാണ് വീഡിയോകളിലൂടെ സർക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തങ്ങൾക്കും ഒപ്പമുള്ള മറ്റ് ആരോഗ്യ പ്രവർത്തകർക്കും വൃത്തിഹീനമായ താമസസൗകര്യങ്ങളും മോശം ഭക്ഷണവുമാണെന്ന് വീഡിയോകളിലൂടെ ഡോക്ടർമാർ പറയുന്നു.


രണ്ട് വീഡിയോകളാണ് ഡോക്ടർമാർ പുറത്തുവിട്ടത്. ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്കും അന്ന് ഉച്ച ഭക്ഷണം കഴിക്കുന്ന സമയത്തും ചിത്രീകരിച്ച വീഡിയോകളാണ് ഇവ. പുലർച്ചെ ചിത്രീകരിച്ച വീഡിയോയിൽ വൈദ്യുതി ഇല്ലെന്ന് ഡോക്ടർമാർ പരാതിപ്പെടുന്നു. ഒരു റൂമിൽ നാല് കിടക്കകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്. പൊതു ശൗചാലയമാവട്ടെ വളരെ ഇടുങ്ങിയതാണ്. അതിൽ പൈപ്പും ഇല്ല. ഉച്ചക്കുള്ള വീഡിയോയിൽ തങ്ങളുടെ ഭക്ഷണമാണ് ഇവർ ചിത്രീകരിച്ചിരിക്കുന്നത്. ഒരു പോളിത്തീൻ കവറിൽ വളരെ അലക്ഷ്യമായും വൃത്തിഹീനമായും പൊതിഞ്ഞ പൂരിയും കറിയുമാണ് ഭക്ഷണം. കൊവിഡ് രോഗികളെ പരിചരിക്കുന്ന തങ്ങൾക്ക് ലഭിക്കുന്ന ഭക്ഷണം ഇതാണെന്ന് വീഡിയോയിൽ ഒരാൾ പറയുന്നു.

വീഡിയോ പുറത്തുവന്നതിനു പിന്നാലെ റായ് ബറേലി ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എസ്കെ ശർമ്മ സ്കൂൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ഇവര്‍ക്ക് ഗസ്റ്റ് ഹൗസില്‍ താമസസൗകര്യം ഒരുക്കിയെന്നും ലൈവ് കിച്ചണ്‍ സൗകര്യം ഏര്‍പ്പെടുത്തി എന്നും അദ്ദേഹം അറിയിച്ചു. സ്കൂളിലെ സൗകര്യങ്ങൾ മികച്ചതായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് ബാധിതരെ പരിചരിക്കുന്നതിനാൽ വീട്ടിലേക്ക് പോവാൻ കഴിയാത്ത ആരോഗ്യപ്രവർത്തകർക്കാണ് ഈ ദുരിതം നേരിട്ടത്. റായ് ബറേലിയിൽ കൊവിഡ് ബാധിതരെ ചികിത്സിക്കുന്ന ആശുപത്രിയുടെ സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരുന്നത്.

റായ് ബറേലിയില്‍ മാത്രം 43 കൊവിഡ് കേസുകളാണ് ഇന്നലെ വരെ റിപ്പോര്‍ട്ട് ചെയ്തത്. ഉത്തർപ്രദേശിൽ 1,449 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ മരണപ്പെട്ടു. 173 പേർക്ക് രോ​ഗം ഭേദമായി.

Story Highlights: covid 19 doctors flag filthy conditions in videos

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top