രജിത് കുമാർ വീട്ടുസാധനങ്ങൾ എത്തിച്ചു നൽകിയിട്ടില്ല; വ്യാജ വാർത്ത നൽകിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മഞ്ജു പത്രോസ്

റിയാലിറ്റി ഷോ മത്സരാർത്ഥി രജിത് കുമാർ വീട്ടു സാധനങ്ങൾ എത്തിച്ചു നൽകിയെന്ന വാർത്ത വ്യാജമെന്ന് നടി മഞ്ജു പത്രോസ്. റിയാലിറ്റി ഷോയിൽ രജിതിനൊപ്പം മത്സരിച്ച മഞ്ജു വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. തൻ്റെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് മഞ്ജു വ്യാജ വാർത്തക്കെതിരെ രംഗത്തെത്തിയത്.
‘ഒരു മര്യാദയൊക്കെ വേണ്ടേടെയ്..?? കൊറോണ സമയത്ത് സഹതാപം വിറ്റ് കാശാക്കുന്നവൻമാരേ. ചെയ്യാത്ത സഹായം ചെയ്തു എന്നും സഹായം കൈപ്പറ്റിയ മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു എന്നുമൊക്കെ എന്തർത്ഥത്തിലാണ് പറഞ്ഞുപരത്തുന്നത്?? നിയമ നടപടിക്ക് ഒരുങ്ങുകയല്ലാതെ വേറെ വഴിയില്ല.’- ഫേസ്ബുക്ക് വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ മഞ്ജു പറയുന്നു.
“ലോക്ക് ഡൗണ്‍ സമയത്ത് ഞങ്ങള്‍ വീട്ടുകാർക്ക് ആവശ്യമായ സാധനങ്ങള്‍ വീട്ടിലുണ്ട്. ഒരു തരത്തിലുള്ള സഹായവും ഇപ്പോള്‍ എനിക്ക് വേണ്ടി വരില്ല. നാളെ എന്താകുമെന്ന് അറിയില്ല. ഇപ്പോൾ ഇവിടെ ആരും പട്ടിണി കിടക്കുന്നില്ല. അതുകൊണ്ട് ആവശ്യമുള്ളവര്‍ക്ക് സഹായം എത്തട്ടെ എന്ന പ്രാര്‍ത്ഥനയാണ് ഉള്ളത്. സുഹൃത്തുക്കളൊക്കെ പലരെയും സഹായിക്കുന്നുണ്ട്. എനിക്ക് ചെയ്യാനാകുന്നത് ചെയ്യുന്നുമുണ്ട്. അപ്പോഴാണ് ഡോ. രജിത് കുമാര്‍ മഞ്ജു പത്രോസിൻ്റെ വീട്ടിലേക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തു. മഞ്ജു പത്രോസ് പൊട്ടിക്കരഞ്ഞു കൊണ്ട് സഹായം ഏറ്റുവാങ്ങി എന്നൊരു വീഡിയോ കണ്ടു. എന്തിനാണ് ഇത്തരത്തിലുള്ള വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത്? ഇങ്ങനെ കള്ള പ്രചാരണം നടത്തുന്ന ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും”- മഞ്ജു പറയുന്നു.
റിയാലിറ്റി ഷോക്ക് ശേഷം തനിക്കെതിരെ ഒരുപാട് സൈബർ ആക്രമണങ്ങൾ വന്നിട്ടുണ്ടെന്നും അതിൽ പലതും താൻ തള്ളിക്കളഞ്ഞിട്ടുണ്ടെന്നും മഞ്ജു പറയുന്നു. തീരെ സഹിക്കാൻ കഴിയാത്തത് മാത്രമാണ് സൈബർ സെല്ലിൽ പരാതി നൽകിയത്. ഈ വീഡിയോയും അങ്ങനെ ഒന്നാണെന്നും മഞ്ജു പറയുന്നു.
Story Highlights: manju pathrose reaction to fake news
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here