സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച റേഷൻ മറിച്ചു വിൽക്കാൻ ശ്രമം; റേഷൻ കടയുടമ അറസ്റ്റിൽ

കൊവിഡ് കാലത്ത് സൗജന്യമായി വിതരണം ചെയ്യാന്‍ എത്തിച്ച റേഷന്‍ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച റേഷന്‍ കടയുടമ അറസ്റ്റില്‍. മൂന്നാർ നല്ല തണ്ണി എസ്റ്റേറ്റിലെ നാൽപത്തിയൊൻപതാം നമ്പർ കടയുടമ ത്യാഗരാജനാണ് അറസ്റ്റിലായത്. ഉപഭോക്താക്കളുടെ പരാതിയെ തുടര്‍ന്ന് രാത്രിയിൽ സിവില്‍ സപ്ലൈ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്

നാലു ടണ്ണോളം വരുന്ന റേഷനാണ് അനധികൃതമായി സ്വകാര്യ വ്യക്തികള്‍ക്ക് വിൽക്കാൻ കടയുടമ ശ്രമിച്ചത്. ഉപഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കാനുള്ള റേഷന്‍ വസ്തുക്കള്‍ കഴിഞ്ഞയാഴ്ചയാണ് കടയിലെത്തിത്. എന്നാല്‍ റേഷന്‍ പലര്‍ക്കും നല്‍കാന്‍ ഇയാള്‍ തയ്യാറായിരുന്നില്ല. ഭിന്നശേഷിക്കാരുടെ അര്‍ഹമായ റേഷന്‍ പോലും തടഞ്ഞുവച്ചിരുന്ന കടയുടമയെക്കുറിച്ച് നിരവധി ആക്ഷേപങ്ങളും പരാതികളും ഉയര്‍ന്നിരുന്നു. . രാത്രി ഭക്ഷ്യവസ്തുക്കള്‍ കയറ്റുവാന്‍ ലോറി എത്തിയതോടെ നാട്ടുകാര്‍ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു . ലോറിയിൽ സാധനങ്ങൾ കയറ്റുന്നിതിനിടെയാണ് ഇയാൾ പിടിയിലായത്.

സപ്ലൈ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന വിതരണം ചെയ്യുവാനുള്ള വസ്തുക്കളുടെ എണ്ണത്തില്‍ പൊരുത്തക്കേടുകളും കണ്ടെത്തി. കടയോട് ചേര്‍ന്നുള്ള കെട്ടിടങ്ങളില്‍ അരി ചാക്കുകള്‍ പൂഴ്ത്തി വച്ചിട്ടുള്ളതായും കണ്ടെത്തിയിട്ടുണ്ട്. റേഷന്‍ കടയുടമയ്ക്ക് എതിരെ നിരവവധി പരാതികള്‍ ഉയര്‍ന്നതോടെ ദേവികുളം സബ് കളക്ടര്‍ പരിശോധന നടത്തി കടയുടമയ്ക്ക് താക്കീത് നൽകിയതാണ്. റേഷൻകട സീല്‍ ചെയ്‌തെങ്കിലും ഉപഭോക്താക്കള്‍ക്കുള്ള റേഷന്‍ വിതരണം ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top