ഞാൻ തെരഞ്ഞെടുക്കപ്പെട്ട ആളാണ്; താങ്കൾ നാമനിർദേശിക്കപ്പെട്ടതും; ഗവർണറെ വിമർശിച്ച് മമത

പശ്ചിമ ബംഗാളിൽ ഗവർണർ ജഗ്ദീപ് ധൻഖറും സർക്കാരും തമ്മിൽ തർക്കം രൂക്ഷമായി. ഇതേ തുടർന്ന് മുഖ്യമന്ത്രി മമതാ ബാനർജി ഗവർണർക്ക് കത്തയച്ചു. അഞ്ച് പേജുള്ള കത്തിൽ ഞാൻ തെരഞ്ഞെടുക്കപ്പെട്ട് സർക്കാരിനെ നയിക്കുന്ന ആളാണ് എന്നും താങ്കൾ നാമനിർദേശിക്കപ്പെട്ട ആളാണെന്നും മമത ഗവർണറെ ഓർമിപ്പിച്ചു.

മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും അധിക്ഷേപിക്കൽ, പതിവായി പത്രസമ്മേളനങ്ങൾ നടത്തൽ എന്നീ ഗവർണറുടെ ചെയ്തികളിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. നിങ്ങൾ ഭരണകാര്യങ്ങളിൽ ആവർത്തിച്ച് കൈകടത്തുന്നു. മര്യാദയും ഭരണഘടനാ അതിരുകളും ഗവർണർ കടന്നിരിക്കുകയാണെന്ന് മമത കത്തിൽ പറയുന്നു. അതേ സമയം ഗവർണർ കത്തിന് മറുപടി പരസ്യമായി പറഞ്ഞിട്ടില്ല.

കൊവിഡുമായി ബന്ധപ്പെട്ടെത്തിയ കേന്ദ്ര സംഘങ്ങളെ സർക്കാരിന്റെ നേതൃത്വത്തിൽ കല്ലെറിഞ്ഞുവെന്നാണ് ഗവർണറുടെ ആരോപണം. ഇതാണ് മമതയെ ചൊടിപ്പിച്ചത്. ഗവർണറുടെ കത്തുകളുടേയും സന്ദേശങ്ങളുടേയും സ്വരവും ഭാഷയും പാർലമെന്ററി ചട്ടങ്ങൾക്ക് വിരുദ്ധമാണ്, കൂടാതെ അവ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപമാനിക്കുന്നുവെന്ന് അഞ്ച് പേജുള്ള കത്തിൽ മമത വിശദമാക്കി. ഗവർണറുടെ അധികാരം സംബന്ധിച്ച് ഭരണഘടനയിലുള്ള കാര്യങ്ങളും കത്തിലുണ്ട്. ആരാണ് ഭരണഘടനയെ കീറിമുറിക്കുന്നതെന്ന് ഇന്ത്യയിലേയും ബംഗാളിലേയും ജനങ്ങൾ അറിയട്ടെയെന്ന് മമത.

 

mamta banerjee, west bengal, governor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top