സ്പ്രിംക്ലർ വിവാദം; ബിജെപിയിൽ ഉടലെടുത്ത ഭിന്നത തുടരുന്നു

സ്പ്രിംക്ലർ വിവാദത്തിൽ സംസ്ഥാന ബിജെപിയിൽ ഉടലെടുത്ത ഭിന്നത തുടരുന്നു. സ്പ്രിംക്ലളറിൽ കേന്ദ്ര ഏജൻസിക്ക് മാത്രമേ സമഗ്ര അന്വേഷണം നടത്താനാകുവെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വം, കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ് വ്യക്തമാക്കി. വിഷയം കോടതി പരിഗണിക്കുകയല്ലേയെന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട സംസ്ഥാനധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സ്പ്രിംക്ലർ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ചു.
സ്പ്രിംക്ലർ ഇടപാടിൽ മുരളീധര – കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുണ്ടായ ഭിന്നത തുടരുകയാണ്. വിഷയം കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ഇന്ന് വീണ്ടും ആവർത്തിച്ച കൃഷ്ണദാസ് പക്ഷത്തിലെ എംടി രമേശ്, ഒരു പടി കൂടി കടന്ന് ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നും വ്യക്തമാക്കി.
എന്നാൽ വിജിലൻസ് അന്വേഷണ ആവശ്യത്തിൽ ഉറച്ച് നിന്ന സംസ്ഥാന അധ്യക്ഷൻ, വിഷയം കോടതി പരിഗണിക്കുകയല്ലേയെന്ന് വ്യക്തമാക്കി. സ്പ്രിംക്ലർ കരാർ റദ്ദാക്കുക, അഴിമതിക്കാരെ തുറങ്കിലടയ്ക്കുക, എന്ന ആവശ്യങ്ങൾ മുന്നോട്ട് വെച്ച് ബി ജെ പി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഏത് തരം അന്വേഷണമാണ് വേണ്ടതെന്ന് വ്യക്തമാക്കാതിരുന്നതും സംസ്ഥാന നേതൃത്വത്തിലെ ഭിന്നതയ്ക്കുള്ള തെളിവായി.
ഡേറ്റ കരാറിൽ നിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ വീടുകൾ സമര കേന്ദ്രങ്ങളാക്കുമെന്ന് പ്രതിഷേധത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കവെ കെ സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. പ്രാദേശിക, ജില്ലാ കേന്ദ്രങ്ങളിലടക്കം സംസ്ഥാനത്തുടനീളം 25,000 കേന്ദ്രങ്ങളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മാസ്ക് ധരിച്ച്, സാമൂഹിക അകലം പാലിച്ചുകൊണ്ടായിരുന്നു പ്രതിഷേധങ്ങൾ.
Story Highlights: sprinklr controversy disagreement in bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here