എറണാകുളം ജില്ലയിൽ ഇന്ന് വീടുകളിൽ നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത് 116 പേരെ

എറണാകുളം ജില്ലയിൽ ഇന്ന് പുതിയതായി വീടുകളിൽ നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത് 116 പേരെയെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടർന്ന് 18 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 370 ആയി. ഇതിൽ 77 പേർ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 293 പേർ ലോ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
ഇന്ന് പുതുതായി നാല് പേരെയാണ് ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചത്. കളമശേരി മെഡിക്കൽ കോളജിൽ ഒരാളെയും സ്വകാര്യ ആശുപത്രികളിൽ മൂന്നു പേരെയുമാണ് പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിൽ ഐസൊലേഷനിൽ ഉണ്ടായിരുന്ന ഏഴ് പേരെ ഇന്ന് വിട്ടയച്ചു. നിലവിൽ 19 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്.

ഇന്ന് ജില്ലയിൽ നിന്നും 45 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 59 സാമ്പിളുകളുടെ പരിശോധന ഫലങ്ങൾ ലഭിച്ചു. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 65 സാമ്പിൾ പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. സമൂഹവ്യാപനം ഉണ്ടാകുന്നുണ്ടോ എന്നറിയുന്നതിനായി സംസ്ഥാന സർക്കാർ നിർദേശ പ്രകാരം ഇന്ന് കൊച്ചി നഗരസഭ പ്രദേശത്ത് നിന്നും 10 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു. പോസിറ്റീവ് കേസുമായി സമ്പർക്കം ഉണ്ടാകാത്തവർ, ശ്വാസകോശ രോഗങ്ങൾക്ക് ചികിത്സ തേടിയവർ, കൊവിഡ് രോഗ പരിശോധനയുമായോ ചികിത്സയുമായോ നേരിട്ട് ബന്ധമില്ലാത്ത ആരോഗ്യ സ്ഥാപനങ്ങളിലെ ആരോഗ്യ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ, സന്നദ്ധ പ്രവർത്തകർ എന്നിവരിൽ നിന്നും തെരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയതെന്നും കളക്ർ അറിയിച്ചു.

Story highlights-ernakulam,covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top