വീണ്ടും ഡോക്ടർ കുപ്പായമിട്ട് ഗോവാ മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിനടിയിൽ അഴിച്ചുവച്ച ഡോക്ടർ കുപ്പായം വീണ്ടും അണിഞ്ഞ് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇന്നലെ തന്റെ 47ാം ജന്മദിനത്തിലാണ് അദ്ദേഹം വീണ്ടും ഡോക്ടർ വേഷത്തിലെത്തിയത്. മപുസയിലെ നോർത്ത് ഗോവാ ജില്ലാ ആശുപത്രിയിൽ അദ്ദേഹം ഡോക്ടർമാരുടെ സംഘത്തോടൊപ്പം സേവനത്തിനിറങ്ങി. 12 വർഷങ്ങൾക്ക് മുൻപ് ഇവിടെ പ്രമോദ് സാവന്ത് സേവനം അനുഷ്ഠിച്ചിരുന്നു.
ഇന്ത്യയിലെ ആദ്യ കൊറോണ മുക്തസംസ്ഥാനമായി ഗോവ തീർന്നതിന് പിറകെയാണ് മുഖ്യന്റെ ഈ ചുവടുമാറ്റം. മുഖ്യമന്ത്രിയെ ഡോക്ടർ കസേരയിൽ കണ്ടപ്പോൾ ജനങ്ങൾ ആദ്യമൊന്ന് അമ്പരപ്പെട്ടു. ഒപിയിലെത്തിയ പത്തോളം രോഗികളെ ‘മന്ത്രി ഡോക്ടർ’ പരിശോധിച്ചു. ‘എല്ലായ്പ്പോഴും എന്റെ ആഗ്രഹം ജനസേവനമാണ്. അതിനായി മുഖ്യമന്ത്രി, ഡോക്ടർ എന്നീ രണ്ട് മാർഗങ്ങളുണ്ട്. ഇന്ന് ഡോക്ടറായാണ് ഞാൻ ആശുപത്രിയിൽ എത്തിയത്. കൊവിഡിനെ ഗോവയിൽ നിന്ന് തുരത്താൻ ആരോഗ്യ പ്രവർത്തകരുടെ സംഘം രാപകലില്ലാതെ പ്രവർത്തിച്ചു. ഇപ്പോൾ ഡോക്ടർമാർ എന്ന് കേൾക്കുമ്പോൾ എല്ലാവർക്കും അഭിമാനം.’ മുഖ്യമന്ത്രി വാചാലനായി. ഗോവയിലെ മെഡിക്കൽ സംഘത്തിന് ആത്മവിശ്വാസം പകരാനാണ് ജന്മദിനത്തിൽ ഡോക്ടർ കുപ്പായം അണിഞ്ഞതെന്ന് പ്രമോദ് സാവന്ത് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ കോലാപൂരിലെ ഗംഗാ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ ആയുർവേദിക് മെഡിക്കൽ കോളജിൽ നിന്നാണ് തന്റെ മെഡിക്കൽ ഡിഗ്രി പ്രമോദ് സാവന്ത് കരസ്ഥമാക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് കടക്കാൻ ഡോക്ടർ കുപ്പായം സാവന്ത് ഉപേക്ഷിച്ചിട്ട് പത്ത് വർഷത്തിലധികം ആയിരുന്നു.
goa, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here