കൊല്ലത്ത് മകളും ചെറുമകനും ചേർന്ന് വൃദ്ധയെ കൊലപ്പെടുത്തി

കൊല്ലം പരവൂരിൽ മകളും ചെറുമകനും ചേർന്ന് വയോധികയെ കൊലപ്പെടുത്തി. പുത്തൻകുളം പറണ്ടക്കുളത്ത് കല്ലുവിള വീട്ടിൽ 88 കാരിയായ കൊച്ചുപാർവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകളേയും ചെറുമകനേയും പൊലീസ് അറസ്റ്റ് ചെയ്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് മകൾ ശാന്തകുമാരി, ചെറുമകൻ സന്തോഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെയാണ് കൊച്ചുപാർവതി വീട്ടിൽ മുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. 10 മണിയോടെ മൃതദേഹം സംസ്‌കരിക്കാനുള്ള നടപടികൾ വീട്ടുകാർ ചെയ്തു. മരണം നടന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവരമറിഞ്ഞ് മരണ വീട്ടിലെത്തിയ പൊലീസ് അയൽവാസികളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. അപ്പോഴാണ് തലേദിവസം വീട്ടിൽ കൊച്ചുപാർവതിയും മകൾ ശാന്തകുമാരിയും ചെറുമകൻ സന്തോഷുമായി വാക്കുതർക്കം ഉണ്ടായെന്ന് അറിയുന്നത്. സംശയം തോന്നിയ സിഐ ആർ. രതീഷ് മരണാനന്തര കർമങ്ങൾ നിർത്തിവച്ച് അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടില്ല. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയുടെ പിന്നിലേറ്റ ക്ഷതമാണ് മരണകാരണമെന്ന് തെളിഞ്ഞു. തുടർന്ന് ശാന്താകുമാരിയെയും സന്തോഷിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

ബുധനാഴ്ച രാവിലെ മുതൽ കൊച്ചുപാർവതിയും ശാന്തകുമാരിയും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. വൈകിട്ട് മകൻ സന്തോഷുമായും വാക്ക് തർക്കം ഉണ്ടായി. കൊച്ചുപാർവതിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ട് പോയപ്പോൾ തല ഭിത്തിയിലിടിച്ചുണ്ടായ ക്ഷതമാണ് മരണകാരണം. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top