ലീഗ് പുനരാരംഭിക്കൽ: എതിർപ്പുമായി ബാഴ്സലോണ; പോയിന്റ് വെട്ടിക്കുറക്കുമെന്ന് ലാ ലിഗ പ്രസിഡന്റ്

കൊവിഡ് 19 ഭീഷണി ഒഴിവാകുന്നതിനു മുൻപ് ലാ ലിഗ സീസൺ പുനരാരംഭിക്കാനുള്ള നീക്കത്തിനെതിരെ ബാഴ്സലോണ. ചാമ്പ്യൻസ് ലീഗ് ആയാലും ലാ ലിഗ ആയാലും പൂർണ സുരക്ഷിതമല്ലെങ്കിൽ കളിക്കേണ്ടതില്ലെന്നാണ് ക്ലബിൻ്റെ നിലപാട്. ജൂൺ മാസത്തിൽ ലീഗ് പുനരാരംഭിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ വാർത്ത. അതേ സമയം, ലീഗ് കളിക്കാൻ വിസമ്മതിക്കുന്ന ടീമുകളുടെ പോയിൻ്റ് വെട്ടിക്കുറക്കുമെന്ന് ലാ ലിഗ പ്രസിഡൻ്റ് യാവിയർ തെബാസ് പറഞ്ഞു.

“കളിക്കാനാവുമെന്ന തരത്തിൽ നമുക്ക് ഉറപ്പ് കിട്ടിയാൽ ഏതെങ്കിലും ക്ലബ് കളിക്കാൻ വിസമ്മതിച്ചാൽ അവരുടെ പോയിൻ്റ് വെട്ടിക്കുറക്കും. ആദ്യം 3 പോയിൻ്റും പിന്നീട് നിയമം അനുസരിച്ച് കൂടുതൽ പോയിൻ്റുകളും കുറയ്ക്കും. മാർച്ച് 23 മുതൽ അനിശ്ചിത കാലത്തേക്ക് ലാ ലിഗ സീസൺ നിർത്തിവച്ചിരിക്കുകയാണ്.

കഴിഞ്ഞ ദിവസം കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി തങ്ങളുടെ ഹോം സ്റ്റേഡിയത്തിൻ്റെ ‘കാമ്പ് നൗ’ എന്ന പേര് വിൽക്കാൻ ബാഴ്സലോണ തീരുമാനിച്ചിരുന്നു. പേരിൻ്റെ ഉടമസ്ഥാവകാശം ബാഴ്സലോണ ബാഴ്സ ഫൗണ്ടേഷനു കൈമാറിക്കഴിഞ്ഞു. 2020-21 സീസണിൽ സ്പോൺസറുടെ പേരിലാവും സ്റ്റേഡിയം അറിയപ്പെടുക. വരുന്ന സീസണു വേണ്ടിയുള്ള സ്പോൺസറെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്ന് എഫ്സി ബാഴ്സലോണയുടെ വെബ്സൈറ്റിലൂടെ ക്ലബ് അറിയിക്കുന്നു.

നേരത്തെ, താരങ്ങൾ തങ്ങളുടെ ശമ്പളത്തിൻ്റെ 70 ശതമാനം വെട്ടിക്കുറച്ചിരുന്നു. സംഭവം സൂപ്പർ താരം ലയണൽ മെസ്സി സ്ഥിരീകരിച്ചു. ആവശ്യമെങ്കിൽ മുഴുവൻ ശമ്പളവും വേണ്ടെന്ന് വെക്കാൻ തയ്യാറാണെന്നും തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു.

Story Highlights: Coronavirus: fc barcelona refuses to play La Liga chief threatens to dock points from clubs who refuse to play

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top