കൊവിഡ് 19നു ശേഷമുള്ള ക്രിക്കറ്റ്: ‘പന്ത് ചുരണ്ടൽ’ അനുവദനീയമാക്കാൻ ആലോചന

കൊവിഡ് 19നു ശേഷം പന്തിൻ്റെ തിളക്കം വീണ്ടെടുക്കാൻ തുപ്പൽ പുരട്ടുന്ന രീതി അവസാനിപ്പിക്കാനൊരുങ്ങി ഐസിസി. പകരം മറ്റെന്തെങ്കിലും കൊണ്ട് പന്തിൻ്റെ തിളക്കം വീണ്ടെടുക്കാൻ അനുവാദം നൽകാനും ആലോചനയുണ്ട്. നിലവിൽ വിയർപ്പും, ഉമിനീരും കൊണ്ട് മാത്രമേ പന്തിൻ്റെ തിളക്കം കൂട്ടാൻ ബൗളർമാർക്ക് അനുവാദമുള്ളൂ. മറ്റെന്തെങ്കിലും ഉപയോഗിച്ചാൽ അത് പന്ത് ചുരണ്ടലായി പരിഗണിക്കും. ആ നിയമത്തിനാണ് ഇപ്പോൾ പൊളിച്ചെഴുത്തിൻ്റെ സാധ്യത ഉയരുന്നത്.

അമ്പയർമാരുടെ അനുവാദത്തോടെ പന്തിൻ്റെ തിളക്കം കൂട്ടാൻ മറ്റെന്തെങ്കിലും ഉപയോഗിക്കാൻ അനുവദിക്കുമെന്ന് ക്രിക്ക് ഇൻഫോ ആണ് റിപ്പോർട്ട് ചെയ്തത്. കൊറോണ സ്രവങ്ങളിലൂടെ പകരുന്ന വൈറസ് ആയതുകൊണ്ട് തന്നെ പന്തിൽ തുപ്പൽ പുരട്ടുന്നത് അപകടകരമാവുമെന്ന കണ്ടെത്തൽ നേരത്തെ തന്നെ ഉണ്ടായിരുന്നു. ഐസിസിയുടെ മെഡിക്കൽ കമ്മറ്റിയും ഇത്തരം ഒരു നിരീക്ഷണം നടത്തി. അതേ തുടർന്നാണ് പുതിയ റിപ്പോർട്ട് ഉയരുന്നത്.

അതേ സമയം, നിലവിൽ ഇത്തരത്തിൽ ഒരു ചർച്ച നടക്കുന്നില്ലെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടിവ് കമ്മറ്റി അംഗം പറഞ്ഞു എന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിച്ചതിനു ശേഷം ഇത്തരത്തിൽ എന്തെങ്കിലും വേണമെങ്കിൽ ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു എന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

ടെസ്റ്റ് മത്സരങ്ങളിലാണ് കൂടുതലായി തുപ്പൽ ഉപയോഗിച്ച് ബൗളർമാർ പന്തിൻ്റെ തിളക്കം വീണ്ടെടുക്കുക. ഇതുവഴി പന്തിന് തിളക്കം കിട്ടുകയും അത് കൂടുതൽ മൂവ്‌മെന്റ് ലഭിക്കുന്നതിന് സഹായകമാവുകയും ചെയ്യും. ഇങ്ങനെ ചെയ്യുന്നതിലൂടെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു പന്ത് നന്നായി വായുവില്‍ സ്വിങ് ചെയ്യിക്കാനും സാധിക്കും. ബൗളർമാർക്കൊപ്പം ഫീൽഡർമാരും ഇടക്ക് തുപ്പൽ കൊണ്ട് പന്തിനു തിളക്കം നൽകാറുണ്ട്. ഇതും പുതിയ നിയമം നിലവിൽ വന്നാൽ അവസാനിക്കും.

Story Highlights: Coronavirus: Legalisation Of Ball-Tampering Could Be Considered, Says Report

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top