കൊവിഡ് സ്ഥിരീകരിച്ച വർക്കല സ്വദേശി ക്വാറന്റീൻ നിയമങ്ങൾ പാലിച്ചില്ല

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള വർക്കല സ്വദേശി ക്വാറന്റീൻ നിർദേശങ്ങൾ പാലിച്ചില്ല. നിരീക്ഷണ കാലയളവിൽ നാല് പ്രാവശ്യം വർക്കല താലൂക്ക് ആശുപത്രിയിലും, ജനറൽ ആശുപത്രിയിലും, മെഡിക്കൽ കോളജിലും എത്തിയതായി സഞ്ചാരപഥത്തിൽ വിവരം. കുടുംബാംഗങ്ങളെ കാണിക്കാനാണ് ഇദ്ദേഹം ആശുപത്രികളിൽ പോയത്. മാർച്ച് 20ന് ഷാർജയിൽ നിന്ന് നാട്ടിലെത്തിയ വർക്കല പുത്തൻചന്ത സ്വദേശി കുട്ടികളേയും, ഭാര്യയെയും കാണിക്കുന്നതിനായി മാർച്ച് 26, ഏപ്രിൽ 13, 15, 21 തിയതികളിൽ വർക്കല താലൂക്ക് ആശുപ്രതിയിലെത്തി. മാർച്ച് 28 ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലും, 29 ന് മെഡിക്കൽ കോളജിലും എത്തി. സ്വന്തം കാറിലും, 108 ആംബുലൻസിലുമായാണ് സഞ്ചരിച്ചത്. പ്രസ്തുത പ്രദേശങ്ങളിൽ അതാത് സമയങ്ങളിലുണ്ടായിരുന്നവർ ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യണം.

രോഗലക്ഷണങ്ങൾ പ്രകടമാകാതിരുന്ന ഇദ്ദേഹത്തിന് നിരീക്ഷണ കാലയളവ് പൂർത്തിയായ ശേഷം ഏപ്രിൽ 23നാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങളുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. കൂടുതൽ പേർ നിരീക്ഷണ പട്ടികയിലാകും.

അതേസമയം കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ആർസിസിയിലെ ആരോഗ്യ പ്രവർത്തക മാർച്ച് 24ന് കോട്ടയത്തേക്ക് പോയതാണ്. ഇവർക്ക് രോഗം സ്ഥിരീകരിച്ചത് എവിടെ നിന്നെന്ന് വ്യക്തമല്ല. ആർസിസിയിൽ നിന്നല്ല രോഗം സ്ഥിരീകരിച്ചതെന്ന് ഉറപ്പ് വരുത്താനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുകയാണ്. 34 ദിവസം മുമ്പ് ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ ട്രെയ്‌സ് ചെയ്യും. സ്രവ പരിശോധന ആവശ്യമെങ്കിൽ നടത്തും. ജില്ലയിലുണ്ടായിരുന്ന കാലയളവിലെ റൂട്ട് മാപ്പ് തയാറാക്കും. നിലവിൽ ആർസിസിയിൽ ആശങ്കയ്ക്ക് വകയില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അനുമാനം.

കഴിഞ്ഞ ദിവസം കോട്ടയത്ത് രോഗം സ്ഥിരീകരിച്ച ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനുമായി അടുത്ത സമ്പർക്കം പുലർത്തിയവരുടെ സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. അതേസമയം രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മണക്കാട് കല്ലാട്ട്മുക്ക് സ്വദേശിയായ വയോധിക കൊവിഡ് മുക്തയായി.

 

varkala, coronavirus, trivandrum

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top