യുപി ക്ഷേത്രത്തിനകത്ത് രണ്ട് സന്യാസിമാർ കൊല്ലപ്പെട്ടു; ഒരാൾ പിടിയിൽ

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലുള്ള ക്ഷേത്രത്തിനുള്ളിൽ വച്ച് രണ്ട് സന്യാസിമാർ കൊല്ലപ്പെട്ടു. രംഗി ദാസ് (55), ഷേർ സിംഗ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. മോഷണ ശ്രമം തടയാൻ ശ്രമിച്ചതിനെത്തുടർന്നായിരുന്നു കൊലപാതകം. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ ലഹരിക്ക് അടിമപ്പെട്ട ആളാണെന്ന് പൊലീസ് പറയുന്നു

മുരാരി അഥവാ രാജു എന്നയാളെ അറസ്റ്റ് ചെയ്തു എന്നാണ് പൊലീസ് നൽകുന്ന വിവരം. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു എന്ന് പൊലീസ് പറയുന്നു. സന്യാസിമാരിൽ നിന്ന് ഒരു സംഗീതോപകരണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സന്യാസിമാർ ഇയാളെ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ പ്രകോപിതനായ രാജു മൂർച്ചയുള്ള ആയുധവുമായി തിരികെ വന്ന് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. മൂർച്ചയേറിയ ആയുധം കൊണ്ട് മുറിവേൽപ്പിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. ഇതും പൊലീസ് ഭാഷ്യത്തെ സാധൂകരിക്കുന്നുണ്ട്.

താൻ ദൈവവിധിയാണ് നടപ്പിലാക്കിയതെന്നും വാൾ കൊണ്ടല്ല, വടി കൊണ്ടാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

അതേ സമയം, സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

”ഏപ്രിൽ പകുതി പിന്നിട്ടപ്പോൾ തന്നെ സംസ്ഥാനത്ത് നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. മൂന്നു ദിവസങ്ങൾക്കു മുൻപ് ഒരു കുടുംബത്തിലെ അഞ്ചു പേരെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. ഇന്ന് രണ്ട് സന്യാസിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണം. ഇത്തരം വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്.”- പ്രിയങ്ക ഗാന്ധി പറഞ്ഞു.

Story Highlights: 2 sadhus killed in Uttar Pradesh’s Bulandshahr; 1 man arrested

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top