Advertisement

ദേശീയപാതയിലെ ഗതാഗതക്കുരുക്ക്; കൂടുതൽ പൊലീസ് സേവനം വേണം, അടിയന്തര പരിഹാരം ആവശ്യപ്പെട്ട് കെ.സി വേണുഗോപാൽ എം പിയുടെ കത്ത്

18 hours ago
Google News 3 minutes Read
kc venugopal criticizes kerala budget

കേരളത്തിലെ ദേശീയപാതകളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ദേശീയപാതാ അതോറിറ്റി ചെയര്‍മാനോടും പാതകളിലെ തിരക്ക് നിയന്ത്രിക്കാന്‍ കൂടുതല്‍ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ട് കെസി വേണുഗോപാല്‍ കത്തു നല്‍കി.

എല്ലാ സര്‍വീസ് റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ വേഗത്തിലാക്കിയും അടിയന്തര വാഹനങ്ങള്‍ക്ക് മുന്‍ഗണനാ പാതകള്‍ ഒരുക്കിയും സുഗമമായ യാത്ര ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നടന്നുകൊണ്ടിരിക്കുന്ന എല്ലാ എന്‍എച്ച് എ ഐനിര്‍മ്മാണങ്ങളിലും കര്‍ശനമായ സുരക്ഷാ നടപടികള്‍ പാലിക്കണം. ആശുപത്രികള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങളിലേക്കുള്ള വഴികളിലെ ഗതാഗതതടസ്സം പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും കത്തില്‍ വേണുഗോപാല്‍ ആവശ്യപ്പെട്ടു.

എറണാകുളം-തുറവൂര്‍, ഇടപ്പള്ളി-തൃശൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ മണിക്കൂറുകളോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. തുടര്‍ച്ചയായ മഴയും അതിനെത്തുടര്‍ന്നുള്ള വെള്ളക്കെട്ടും സ്ഥിതി കൂടുതല്‍ വഷളാക്കി. സര്‍വീസ് റോഡുകള്‍ പരിപാലിക്കുന്നതിലും ഗതാഗതം ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും നിര്‍മ്മാണ പ്രദേശങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിലും എന്‍.എച്ച്.എ.ഐ പരാജയപ്പെട്ടെന്ന് വേണുഗോപാല്‍ വിമര്‍ശിച്ചു.

കെ.സി വേണുഗോപാല്‍ ചെയര്‍മാനായ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) നിര്‍മ്മാണം നടക്കുന്ന ഇടങ്ങളിലെ സര്‍വീസ് റോഡുകളുടെ അവസ്ഥയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിരുന്നു. പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ ഇടക്കാല റിപ്പോര്‍ട്ടിലും എന്‍എച്ച്എഐയുടെ വീഴ്ചകള്‍ എടുത്തുകാണിച്ചു. എന്നിട്ടും എന്‍എച്ച് എഐ ഫലപ്രദമായി ഇടപെട്ടില്ല.

പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിനാല്‍ ഹൈക്കോടതി ഇടപെട്ട് ടോള്‍ പിരിവ് നാല് ആഴ്ചത്തേക്ക് നിര്‍ത്തിവെച്ചിരുന്നു. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താതെ ടോള്‍ പിരിക്കുന്നതിനെതിരെ കേരള ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയും എന്‍എച്ച് എ ഐയെ ശാസിക്കുന്ന അവസ്ഥയുണ്ടായെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

തുറവൂര്‍ എലിവേറ്റഡ് ഹൈവേ നിര്‍മ്മാണത്തിനിടെ കഴിഞ്ഞ ദിവസം ഇരുമ്പ് ബീം നിലത്തേക്ക് വീണതും കഴിഞ്ഞ മാസം ഇതേ സ്ഥലത്ത് ഗര്‍ഡര്‍ തകര്‍ന്ന് വീണതും ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ചൂണ്ടിക്കാട്ടി എന്‍എച്ച്എഐയുടെ നിര്‍മ്മാണ ഗുണനിലവാരത്തിലെ ഗുരുതരമായ ആശങ്കകളും വേണുഗോപാല്‍ കത്തില്‍ പരാമര്‍ശിച്ചു. എന്‍എച്ച് എ ഐയുടെ അശ്രദ്ധയും നിര്‍മ്മാണത്തിലെ നിലവാരമില്ലായ്മയും അപകടങ്ങള്‍ക്ക് കാരണമായെന്നും വേണുഗോപാല്‍ പറഞ്ഞു.

സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെസി വേണുഗോപാല്‍ കേരള മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ദേശീയപാതാ മേഖലകളില്‍, പ്രത്യേകിച്ച് എന്‍.എച്ച്. 66-ലെ എറണാകുളം -അരൂര്‍,തുറവൂര്‍, എന്‍.എച്ച്. 544-ലെ ഇടപ്പള്ളി-തൃശ്ശൂര്‍ എന്നീ മേഖലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ച് ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ഏജന്‍സികളും എന്‍എച്ച് എ ഐയും തമ്മിലുള്ള ഏകോപനം കാര്യക്ഷമമാക്കി സര്‍വീസ് റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിയും ഫലപ്രദമായി നടപ്പിലാക്കണം. ഓണക്കാലത്തെ ജനത്തിരക്ക് കണക്കിലെടുത്ത് ഗതാഗത തടസ്സം ഉണ്ടാകുന്നത് തടയുന്നതിന് പ്രത്യേക ഗതാഗത നിയന്ത്രണം നടപ്പിലാക്കണം. ഭരണപരമായ അനാസ്ഥ കാരണം കേരളത്തിലെ ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കരുതെന്നും വേണുഗോപാല്‍ പറഞ്ഞു.

Story Highlights : Traffic congestion on the National Highway; Letter from K.C. Venugopal MP seeking immediate solution

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here