ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം; അമിത് ഷായ്ക്ക് കത്തയച്ച് കെ സി വേണുഗോപാൽ എംപി

ഛത്തീസ്ഗഢിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായിക്കും കത്തയച്ച് കെ സി വേണുഗോപാൽ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് കത്തിൽ പറഞ്ഞു. വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഭരണ സംവിധാനത്തിൽ നിന്നും മൗന പിന്തുണ ലഭിക്കുന്നു. കുറ്റവാളികൾക്കെതിരെ കർശന ശിക്ഷ നൽകണം. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കാൻ നടപടി വേണമെന്നും കെ സി വേണുഗോപാൽ അയച്ച കത്തിൽ പറഞ്ഞു.
കണ്ണൂർ തലശേരി ഉദയഗിരി ഇടവകയിൽ നിന്നുള്ള സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിൽ നിന്നുള്ള സിസ്റ്റർ പ്രീതി മേരി എന്നിവരാണ് അറസ്റ്റിലായത്. ബജ്റംഗ്‍ദൾ പ്രവർത്തകരുടെ പരാതിയിരുന്നു പൊലീസ് നടപടി. ബജ്‌റംഗ്ദൾ പ്രവർത്തകർ മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിച്ച് ഇവരെ തടഞ്ഞുവെക്കുകയായായിരുന്നു.രണ്ട് കന്യാസ്ത്രീകളും ഒരു സഹായിയും ആയിരുന്നു ഉണ്ടായിരുന്നത്.
ദുർഗ് റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു.
റെയിൽവേ സ്‌റ്റേഷനിൽ പെൺകുട്ടികളെ സിസ്റ്റർമാർ കാത്ത് നിൽക്കുകയായിരുന്നു. ഇതിനിടെ ടിടിഇ എത്തി ടിക്കറ്റ് ചോദിച്ചെങ്കിലും പ്ലാറ്റ് ഫോം ടിക്കറ്റില്ലായിരുന്നു. തുടർന്ന് കാര്യങ്ങൾ തിരക്കിയപ്പോഴാണ് തങ്ങളെ കൂട്ടാൻ സിസ്റ്റർമാർ എത്തുന്നുണ്ടെന്ന് പെൺകുട്ടികൾ പറഞ്ഞത്. എന്നാൽ ഇത് ടിടിഇ വിശ്വാസത്തിലെടുത്തില്ല. തുടർന്ന് പ്രാദേശിക ബജ്റംഗ്‍ദൾ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ഇത് മനുഷ്യക്കടത്തുണ്ടെന്നും പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനത്തിനായി കൊണ്ടുപോവുകയാണെന്നും ബജ്റംഗ്‍ദൾ പ്രവർത്തകർ ആരോപിക്കുകയായിരുന്നു.
അതേസമയം, സ്വന്തം ഇഷ്ടപ്രകാരമാണ് എത്തിയതെന്നും ഒരു ആശുപത്രിയിലെ ജോലിക്കായാണ് എത്തിയതെന്നും പെൺകുട്ടികൾ പറഞ്ഞു. കൂടാതെ മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രവും തിരിച്ചറിയൽ രേഖകളും പെൺകുട്ടികൾ കാണിച്ചു. എന്നാൽ ബജ്റംഗ്‍ദൾ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. മൂന്ന് പെൺകുട്ടികളെ വനിതാ ക്ഷേമ സംരക്ഷണം സമിതിയുടെ സംരക്ഷണയിലാക്കി.
Story Highlights : Arrest of nuns in Chhattisgarh; MP KC Venugopal writes to Amit Shah
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here