‘ദേശീയപാത 66 സമയബന്ധിതമായി പൂര്‍ത്തിയാക്കണം’: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് ദേശീയപാത 66-ന്റെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പ്രവൃത്തികളില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. ദേശീയപാത പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മന്ത്രി ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് ഈ നിര്‍ദേശം നല്‍കിയത്.
പ്രവൃത്തികള്‍ക്ക് കൃത്യമായ സമയക്രമം നിശ്ചയിക്കുകയും ആ സമയക്രമത്തിനുള്ളില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കപ്പെട്ടു എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് മന്ത്രി നിർദേശിച്ചു. എന്നാല്‍ മികവുറ്റ രീതിയില്‍ തന്നെയാകണം നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കേണ്ടത്. നിലവില്‍ പ്രവൃത്തി പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാത്ത ഇടങ്ങളില്‍ എന്‍എച്ച്എഐ റീജിയണല്‍ ഓഫീസര്‍ പ്രത്യേകമായി ശ്രദ്ധപതിപ്പിക്കണം. ഈ സ്ട്രെച്ചുകളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ ഉണ്ടാകണം. മഴക്കാലമാണെങ്കിലും പ്രീകാസ്റ്റിംഗ് പോലുള്ള പ്രവൃത്തികള്‍ ഈ സമയത്ത് നടത്താനാകും. അത്തരം പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണം. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രി ഉറപ്പുനല്‍കി.
പ്രവൃത്തി നടക്കുന്ന ഇടങ്ങളിലെ സര്‍വ്വീസ് റോഡുകളുടെയും നിലവിലുള്ള റോഡുകളുടെയും അവസ്ഥ നിരന്തരമായി ചൂണ്ടിക്കാണിക്കുന്നതാണ്. പലയിടങ്ങളിലും സര്‍വ്വീസ് റോഡുകളുടെ കാര്യത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. അടിയന്തിരമായി എല്ലാ സ്ട്രെച്ചുകളിലും നിലവിലുള്ള പാതകള്‍ പൂര്‍ണ്ണ ഗതാഗതയോഗ്യമാണെന്ന് ഉറപ്പുവരുത്തണം. അക്കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള അലംഭാവം ഉണ്ടാകാന്‍ പാടില്ലെന്നും മന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. മഴകുറഞ്ഞുവരുന്ന ഘട്ടത്തില്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ അടിയന്തിര സ്വഭാവത്തോടെ നടത്തണമെന്നും മന്ത്രി പറഞ്ഞു.
ദേശീയപാത 66-ന്റെ ഓരോ സ്ട്രെച്ചിന്റെയും പുരോഗതി യോഗം വിലയിരുത്തി. 70 ശതമാനം പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചുവെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്. 400 കിലോമീറ്ററിലധികം ദൂരം ആറുവരിയായി മാറിക്കഴിഞ്ഞു എന്നും ദേശീയപാത അതോറിറ്റി അറിയിച്ചു. ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മറ്റ് പദ്ധതികളും യോഗത്തില്‍ അവലോകനം ചെയ്തു.
Story Highlights : National Highway 66 should be completed on time says Minister Muhammad Riyas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here